| Tuesday, 26th August 2025, 3:04 pm

എന്റെ റിവ്യൂ കേട്ടിട്ടാണ് മമ്മൂക്ക രജിനികാന്തിന്റെ ആ സിനിമ കാണാന്‍ പോയത്: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് ചന്തു സലിംകുമാര്‍. മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പൂരില്‍ സലിംകുമാറിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ടാണ് ചന്തു തന്റെ സിനിമാജീവിതം തുടങ്ങിയത്. പിന്നീട് ചന്തുവിനെ കണ്ടത് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ്. അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി.

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍. കുട്ടിക്കാലം മുതല്‍ താന്‍ മമ്മൂട്ടിയെ കാണാറുണ്ടെന്നും തന്നെ എപ്പോള്‍ കണ്ടാലും അദ്ദേഹം നല്ലവണ്ണം കെയര്‍ ചെയ്യുമെന്നും ചന്തു പറഞ്ഞു. മമ്മൂട്ടിയുമായി മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പായിരുന്നു അതെന്നും താരം പറയുന്നു.

‘ഞാന്‍ മഞ്ഞുമ്മലൊക്കെ ചെയ്യുന്നതിന് മുമ്പായിരുന്നു ഈ സംഭവം. മമ്മൂക്കയെപ്പോലെ എനിക്ക് ഇഷ്ടമുള്ള നടനാണ് രജിനികാന്ത്. പുള്ളിയുടെ എല്ലാ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാറുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് പേട്ട എന്ന പടം റിലീസായത്. ഞാന്‍ ആ പടം ഇടപ്പള്ളി വനിത തിയേറ്ററില്‍ പോയി കണ്ടു. രാവിലത്തെ ഷോയ്ക്കാണ് കേറിയത്.

പടം കണ്ട് ഇറങ്ങിയപ്പോള്‍ മമ്മൂക്ക എന്നെ വിളിക്കുന്നു. എന്താണ് കാര്യമെന്നറിയാന്‍ വേണ്ടി ഞാന്‍ കോളെടുത്തു. ഫോണെടുത്തതും ‘പടം എങ്ങനെയുണ്ടെടാ’ എന്ന് അദ്ദേഹം ചോദിച്ചു. ആ സമയത്ത് മമ്മൂക്ക മധുരരാജയുടെ ഷൂട്ടിലായിരുന്നു. ഞാന്‍ പടത്തിന് പോയിട്ടുണ്ടെന്ന് അച്ഛന്‍ മമ്മൂക്കയോട് പറഞ്ഞു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത്’ ചന്തു സലിംകുമാര്‍ പറയുന്നു.

ആ സമയത്ത് തന്റെ മനസില്‍ ദളപതി എന്ന സിനിമയാണ്  വന്നതെന്നും രജിനികാന്തും മമ്മൂട്ടിയും ചെയ്ത വേഷങ്ങള്‍  ഫ്‌ളാഷായി പോയിരുന്നെന്നും ചന്തു കൂട്ടിച്ചേര്‍ത്തു. എന്ത് പറയണമെന്ന് അറിയാതെ സ്റ്റക്കായി നില്‍ക്കുകയായിരുന്നെന്നും കുറച്ച് സമയമെടുത്താണ് മമ്മൂട്ടിയോട് സംസാരിച്ചതെന്നും താരം പറഞ്ഞു.

‘നല്ല പടമാണ് മമ്മൂക്കാ എന്ന് ഞാന്‍ പറഞ്ഞു. അടുത്ത ചോദ്യം ‘അവന്‍ എങ്ങനെയുണ്ടെടാ’ എന്നായിരുന്നു. രജിനിയെയാണ് മമ്മൂക്ക അവന്‍ എന്ന് ഉദ്ദേശിച്ചത്. പുള്ളി കിടുക്കിയിട്ടുണ്ട്, പൊളിയാണ് എന്ന് ഞാന്‍ പറഞ്ഞു. ‘പടം ഹിറ്റാകുമോ’ എന്ന് ചോദിച്ചപ്പോള്‍ ‘ഹിറ്റാണ്, കണ്‍ഫോം’ എന്ന് ഞാന്‍ പറഞ്ഞു. ‘എന്നാപ്പിന്നെ കാണാം’ എന്ന് പറഞ്ഞ് മമ്മൂക്ക ഫോണ്‍ കട്ട് ചെയ്തു. അങ്ങനെ എന്റെ റിവ്യൂ കേട്ടിട്ടാണ് പുള്ളി ആ പടം കണ്ടത്,’ ചന്തു സലിംകുമാര്‍ പറയുന്നു.

Content Highlight: Chandu Salimkumar saying Mammootty watched Petta movie after hearing his review

We use cookies to give you the best possible experience. Learn more