| Tuesday, 16th September 2025, 10:57 pm

കറുത്തിരിക്കുന്നത് കൊണ്ട് തമിഴ് സിനിമയില്‍ ഞാന്‍ രക്ഷപ്പെടുമെന്നായിരുന്നു അവര്‍ അന്ന് പറഞ്ഞത്: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ചന്തു സലിംകുമാര്‍. ലൗ ഇന്‍ സിംഗപ്പൂരില്‍ സലിംകുമാറിന്റെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് ചന്തു ക്യാമറക്ക് മുന്നിലെത്തിയത്. പിന്നീട് മാലിക്കില്‍ സലിംകുമാറിന്റെ ചെറുപ്പമവതരിപ്പിക്കാനും ചന്തുവിന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ചന്തു ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ലോകഃയിലും ചന്തു ഭാഗമായിട്ടുണ്ട്.

സിനിമാലോകത്തേക്ക് വരുന്നതിന് മുമ്പ് ധാരാളം അപമാനങ്ങളും കളിയാക്കലുകളും താന്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. ചെറുപ്പം മുതല്‍ സിനിമയുടെ ഭാഗമാകണമെന്ന് മനസില്‍ ഉണ്ടായിരുന്നെങ്കിലും ഒരുപാട് കളിയാക്കലുകള്‍ അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ചന്തു പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.

‘ചെറുപ്പത്തില്‍ ലുക്ക് ബേസ് ചെയ്ത് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. കാണാന്‍ കൊള്ളില്ല എന്ന് പലരും പറയുന്നത് കേട്ടാണ് വളര്‍ന്നത്. ‘തമിഴ് സിനിമയില്‍ രക്ഷപ്പെടും’ എന്നായിരുന്നു പലരും പറഞ്ഞത്. ഞാന്‍ രക്ഷപ്പെടണം എന്ന് വിചാരിച്ചല്ല, കറുത്തവനായതുകൊണ്ട് തമിഴില്‍ അഭിനയിച്ചാല്‍ മതിയെന്നായിരുന്നു ചിലരുടെ ധാരണ.

ഇതൊക്കെ കേട്ട് കേട്ട് എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്നൊക്കെ സ്വയം ചിന്തിച്ച് വെച്ചു. അത് മാറിയത് കോളേജ് സമയത്ത് ആദ്യപ്രണയം ഉണ്ടായപ്പോഴായിരുന്നു. എന്നെ കാണാന്‍ കൊള്ളാമെന്നും എനിക്ക് അഭിനയിക്കാന്‍ പറ്റുമെന്നുമായിരുന്നു ആ കുട്ടി പറഞ്ഞത്. പ്രണയിക്കുന്നവര്‍ എപ്പോഴും പരസ്പരം സപ്പോര്‍ട്ട് ചെയ്ത് പറയുമല്ലോ. അതുപോലെയായിരുന്നു.

ഭാവിയില്‍ എന്താകണമെന്ന് ചോദിക്കുമ്പോള്‍ ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു ഞാന്‍ പറയാറുണ്ടായിരുന്നത്. വലിയ വലിയ ആഗ്രഹങ്ങളായിരുന്നു. അത് കേട്ട് എല്ലാവരും ചിരിക്കുമ്പോള്‍ ആ കുട്ടി മാത്രം ചിരിച്ചില്ല. ‘എന്നെങ്കിലും നടക്കും’ എന്ന് പറഞ്ഞ് അവള്‍ ധൈര്യം തന്നിരുന്നു. അമ്മക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്തത് അവളായിരുന്നു.

അങ്ങനെ ചെറുപ്പം തൊട്ട് ഒരുപാട് ബുള്ളിയിങ് കേട്ട് വളര്‍ന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇപ്പോഴുള്ള കളിയാക്കലൊന്നും എന്നെ ബാധിക്കാറില്ല. എന്നെ തെറി പറയുന്നതുപോലെ അച്ഛനെ തെറി പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇനി ആര്‍ക്കും കളിയാക്കി തളര്‍ത്താനാകില്ല. തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാം,’ ചന്തു സലിംകുമാര്‍ പറയുന്നു.

Content Highlight: Chandu Salimkumar saying he faced many bullying and body shaming

We use cookies to give you the best possible experience. Learn more