മൂന്ന് പതിറ്റാണ്ടിനടുത്തായി മലയാളികളെ ചിരിപ്പിച്ച സലിംകുമാര്‍ വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം. പറവൂരിലെ ലാഫിങ് വില്ലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. സലിംകുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ക്യാമറയും മൈക്കുമായി കുത്തിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മകന്‍ ചന്തു സലിംകുമാര്‍ ദേഷ്യത്തോടെ പ്രതികരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. തിക്കും തിരക്കും കൂട്ടിയ മാധ്യമപ്രവര്‍ത്തകരോട് പിന്നിലേക്ക് നില്‍ക്കാന്‍ ചന്തു ആവശ്യപ്പെടുമ്പോഴും ആരും അത് കാര്യമാക്കാത്തത് വീഡിയോയില്‍ കാണാം.
ഒടുവില്‍ ഗതികെട്ട് താരം മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകുന്നുണ്ട്. നിങ്ങള്‍ക്കൊക്കെ എന്താണ് വേണ്ടതെന്ന് വികാരഭരിതനായി ചന്തു ചോദിക്കുന്നുണ്ട്. ഒപ്പമുള്ളവര്‍ ചന്തുവിനോട് ശാന്തനാകാന്‍ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ വീണ്ടും മുന്നിലേക്ക് വന്നത് ചന്തുവിനെ ചൊടിപ്പിച്ചു. വീഡിയോ വൈറലായതോടെ ചന്തുവിനെ പിന്തുണച്ച് ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നുണ്ട്.
മരണവീട്ടില്‍ പാലിക്കേണ്ട മിനിമം മര്യാദയും കോമണ്‍ സെന്‍സുമില്ലാത്ത മാധ്യമങ്ങള ചന്തു നേരിട്ട രീതി നല്ലതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ മര്യാദക്ക് ചെയ്യാന്‍ സമ്മതിക്കാതെ ക്യാമറയും മൈക്കുമായി മുന്നോട്ട് കയറിച്ചെല്ലുന്നവരെ ആട്ടിയോടിക്കണമെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.
ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കൊപ്പം നീലക്കുയില്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തെയും വിമര്‍ശിക്കുന്നവരുണ്ട്. കൈയിലൊരു ഫോണും മൈക്കും വെച്ച് ആരുടെയും പ്രൈവസിയിലേക്ക് ഇടിച്ചുകയറുന്ന ഇത്തരക്കാരെ ശരിക്ക് കൈകാര്യം ചെയ്യണമെന്നും കമന്റുകളുണ്ട്. അടുത്തിടെ അന്തരിച്ച ശ്രീനിവാസന്റെ മരണാനന്തര ചടങ്ങിനിടയിലും മാധ്യമങ്ങളുടെ തള്ളിക്കയറ്റം വിമര്‍ശിക്കപ്പെട്ടിരുന്നു.
ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും മാറി നിന്ന് സംസാരിക്കുന്നിടത്ത് പോലും മൈക്കുമായി ചെന്ന ടെലിവിഷന്‍ ചാനലിന്റെ ഔചിത്യബോധത്തെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. റേറ്റിങ്ങിനും വ്യൂവര്‍ഷിപ്പിനും വേണ്ടി ഒരാളുടെ മരണത്തെപ്പോലും ബഹുമാനിക്കാനറിയാത്തവരാണ് ഇപ്പോഴത്തെ മാധ്യമങ്ങളെന്നും വിമര്‍ശനങ്ങളുണ്ട്. ചന്തു ചെയ്തത് ശരിയെന്ന് തന്നെയാണ് ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Chandu Salimkumar gets angry to media in Salimkumar’s funeral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ