| Sunday, 26th July 2026, 2:05 pm

ദല്‍ഹിയില്‍ കല്ലേറ് നിര്‍ത്തിക്കാന്‍ വന്നിട്ട് തിരിച്ചുപോയി എന്ന് കേട്ടല്ലോ; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി ചന്തു സലിം കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയം കണ്ട ആവേശത്തിലാണ് രാജ്യം. അഭിജിത് ദീപ്‌കെയുടെയും സോനം വാങ് ചുക്കിന്റെയും നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുകയും പ്രള്‍ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുകയുമായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള മറ്റ് വിഷയങ്ങളിലും തീരുമാനമാകുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Photo: Chandu Salimkumar/ Facebook.com

സമരവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ കേരളത്തിലും ഉയര്‍ന്നിരന്നു. സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സെലിബ്രിറ്റികളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. അവതാരകയും നടിയുമായ പേളി മാണിയും നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും അടക്കമുള്ളവര്‍ വിദ്യാര്‍ത്ഥി സമരത്തിനെതിരെ സംസാരിച്ചതിന് വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ഇപ്പോഴിതാ പ്രധാന്റെ രാജിയ്ക്ക് പിന്നാലെ ഇരുവരെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ചന്തു സലീം കുമാര്‍. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് താരം ഇരുവരുടെയും നിലപാടുകളെ വിമര്‍ശിച്ചത്. ‘കശ്മീരില്‍ കല്ലേറ് നിര്‍ത്തിച്ചവര്‍ ദല്‍ഹിയില്‍ കല്ലേറ് നിര്‍ത്തിക്കാന്‍ വന്നിട്ട് തിരിച്ച് പോയീന്ന് കേട്ടു, ശരിയോണോ ഗയ്‌സ്’ എന്നാണ് താരത്തിന്റെ സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പെഴുതാന്‍ തെരഞ്ഞെടുത്ത ടെംപ്ലേറ്റ് കാവി നിറത്തിലാണെന്നും ഇതിനടിയില്‍ കാവിയാണ് എന്റെ ഇഷ്ടനിറം എന്ന് താരം കുറിച്ചിരിക്കുന്നതും പേളി മാണിക്കുള്ള മറുപടിയാണ്.

Photo: X.com

തന്റെ ഇഷ്ടനിറം കാവിയാണെന്നായിരുന്നു പേളി മാണി തന്റെ പോസ്റ്റില്‍ പറഞ്ഞത്. പേളിയുടെ വാക്കുകളെ വിമര്‍ശിച്ച ജോ സിബി മലയിലിനെ ഫെയില്‍ഡി ഫിലിം മേക്കര്‍ എന്ന് താരം പരിഹസിച്ചതിനും വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അതേസമയം കശ്മീരിലെ കല്ലേറ് നിര്‍ത്തിക്കാന്‍ അറിയാമെങ്കില്‍ ദല്‍ഹിയിലേതും നിര്‍ത്താന്‍ അറിയാം എന്ന വിവാദ പരാമര്‍ശമായിരുന്നു സമരത്തെ കുറിച്ച് കൃഷ്ണകുമാര്‍ നടത്തിയത്.

Content Highlight: Chandu Salim Kumar trolls Krishna Kumar and Pearle Maaney on NEET Issue

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more