| Monday, 16th November 2026, 11:33 am

മണിച്ചേട്ടനും വിനായകൻ ചേട്ടനുമൊക്കെ ചെയ്തിരിക്കുന്ന പോലെയൊന്നും നിങ്ങളെകൊണ്ട് പറ്റില്ലെന്ന് അമലേട്ടൻ ഓർമിപ്പിച്ചു: ചന്തു സലിം കുമാർ

അനുപമ കെ. സീത

2009ൽ പുറത്തിറങ്ങിയ ലവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിൽ ബാലതാരമായാണ് ചന്തു സലിം കുമാർ ക്യാമറക്ക് മുമ്പിലെത്തുന്നത്. പിന്നീട് 2021ൽ മാലിക് എന്ന സിനിമയിൽ അച്ഛൻ സലിം കുമാറിന്റെ ചെറുപ്പകാലം അഭിനയിച്ച് കൊണ്ട് നടനായി അഭിനയിച്ച് തുടങ്ങി. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സിലെ അഭിലാഷ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദിന്റെ പുതിയ ചിത്രമായ ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂവിലും നടൻ പ്രധാന വേഷം ചെയ്യുന്നുണ്ട്. മമ്മു എന്ന കഥാപാത്രമായാണ് ചന്തു എത്തുന്നത്. സിനിമയെക്കുറിച്ചും സിനിമയിലേക്ക് എത്തിപെട്ടതിനെക്കുറിച്ചും ദി ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എല്ലാവരും അമലേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ വേണ്ടിയിട്ടായിരുന്നു ആഗ്രഹിച്ചത്, ഞാനും. അമലേട്ടൻ എന്റെയടുത്ത് കഥ പറഞ്ഞപ്പോൾ ഇങ്ങനെ ചോദിച്ചിരുന്നു ‘മോനെ കഥ എങ്ങനെയുണ്ട്’ എന്ന്. ഞാൻ ഭയങ്കര എക്സൈറ്റഡാണ് എന്ന് പറഞ്ഞപ്പോൾ ‘മോനെ എക്സൈറ്റ്മെന്റൊക്കെ ഓക്കേ കഥ എങ്ങനെ ഉണ്ടെ’ന്ന് പറയാൻ പറഞ്ഞു. അമലേട്ടന്റെ കൂടെ വർക്ക് ചെയ്യാനായിട്ട് ഞാൻ ശെരിക്കും ഭയങ്കര എക്സൈറ്റഡായിരുന്നു,’ താരം തമാശരൂപേണ പറഞ്ഞു.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ.Photo. Screen Grab/Instagram.com

ഇത്രയും വലിയ പരിപാടിയാണെന്നോ ബാച്ച്‌ലേഴ്‌സ് ഗ്യാങ്ങിലേക്കാണ് തന്നെ കാസ്റ്റ് ചെയ്തതെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും വേറെ ഏതെങ്കിലും ക്യാരക്ടറായിരിക്കുമെന്നാണ് താൻ കരുതിയതെന്നും നടൻ കൂട്ടിച്ചേർത്തു. ചെയ്യുന്നതിന്റെ മാക്സിമം ചെയ്യാനും ആദ്യ ഭാഗത്തെ പോലെ തന്നെ വേണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്നും താരം വ്യക്തമാക്കി.

‘ഞാൻ ഫസ്റ്റ് വന്നപ്പോൾ തന്നെ അമലേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നു, എന്തൊക്കെയാലും മണിച്ചേട്ടനും വിനായകൻ ചേട്ടനുമൊക്കെ ചെയ്തിരിക്കുന്ന പോലെയൊന്നും നിങ്ങളെകൊണ്ട് പറ്റില്ല എന്ന് ആൾക്കാർ പറയും. അപ്പോൾ നമ്മൾ നമുക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നന്നാക്കി ചെയ്യാൻ നോക്കുക. അത് മാത്രം മതി. അല്ലാതെ അതുപോലെ ആവണമെന്ന് ഒരിക്കലും ഞാൻ പറയില്ല എന്നുള്ള രീതിയിൽ തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്,’ ചന്തു പറഞ്ഞു.

നവംബർ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ രജിഷ വിജയൻ, നസ്‌ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി, നാദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Content Highlight: Chandu Salim Kumar said that Amal Neerad had reminded him that he could not perform like Kalabhavan Mani and Vinayakan

 

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more