| Sunday, 19th July 2026, 12:05 pm

സര്‍ക്കാരുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കേണ്ടവയാണ് അംഗീകാരങ്ങള്‍; ദേശീയ പുരസ്‌കാര സമിതിക്കെതിരെ ചന്തു സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെയും ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനെയുമായിരുന്നു മികച്ച നടന്മാരായി തെരഞ്ഞെടുത്തത്. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. കിഷ്‌കിന്ധാ കാണ്ഡവും മഞ്ഞുമ്മല്‍ ബോയ്‌സും അടക്കമുള്ള ചിത്രങ്ങള്‍ക്ക് ഒരു പുരസ്‌കാരം പോലും ഇല്ലാതെ പോയതും ആര്‍ട്ടിക്കിള്‍ 370, വീര്‍ സവര്‍ക്കര്‍ തുടങ്ങി പ്രൊപഗണ്ട ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും.

ചന്തു സലീം കുമാര്‍. Photo: Ott Play

ഇപ്പോഴിതാ പുരസ്‌കാര നിര്‍ണയത്തിലുള്ള രാഷ്ട്രീയ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് അഭിനേതാവായ ചന്തു സലീം രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം അജണ്ടകള്‍ക്കെതിരെ ചന്തു പ്രതികരിച്ചത്. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കേണ്ടതാണെന്നും 2050ല്‍ ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയ ചിത്രത്തെ കുറിച്ച് പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് അറിയാന്‍ സാധ്യതയില്ലെന്നും ചന്തു തന്റെ പോസ്റ്റില്‍ പറയുന്നു.

സ്‌ക്രീനില്‍ കാണുന്നതിനെയാണ് കുട്ടികള്‍ വിലയിരുത്തുകയെന്നും അതിനാല്‍ അംഗീകാരങ്ങള്‍ കഴിവിനുള്ള അംഗീകാരമായി നിലനില്‍ക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയായി മാറരുതെന്നും അദ്ദേഹം കുറിച്ചു. അവാര്‍ഡ് ലഭിച്ച ചിത്രങ്ങളെക്കാള്‍ മികച്ച ചിത്രം കുട്ടികള്‍ കാണുമ്പോള്‍ എന്തുകൊണ്ടെന്ന് തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയരുമെന്നും കഴിവിനെക്കാള്‍ ഭരണത്തിലിരിക്കുന്നവരുമായിട്ടുള്ള അടുപ്പം പുരസ്‌കാര നിര്‍ണയത്തെ സ്വാധീനിച്ചു എന്നായിരിക്കും ഉത്തരമെങ്കില്‍ ചരിത്രം അതാവും ഓര്‍മിക്കുകയെന്നും ചന്തു തന്റെ പോസ്റ്റില്‍ കുറിച്ചു.

Content Highlight: Chandu Salim Kumar openly expresses his displeasure to National Film awards Jury

We use cookies to give you the best possible experience. Learn more