തിരുവനന്തപുരം : ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിന് അമ്മയെ കാണാൻ ഹൈക്കോടതി അനുമതി നൽകി. ഉപാധികളോട് കൂടെയാണ് നിസാമിന് അമ്മയെ കാണാൻ കോടതി അനുവാദം നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കൊച്ചിയിൽ താമസമുള്ള നിസാമിന്റെ അമ്മയോടൊപ്പം ചിലവഴിക്കാന്‍ കോടതി അനുവാദം നല്‍കിയത്.
Also Read പ്രധാനമന്ത്രിയുടെ ചടങ്ങില്‍ നിന്ന് ശശി തരൂരും വി.എസ് ശിവകുമാറും വി.കെ പ്രശാന്തും ഇറങ്ങിപ്പോയി
ഇപ്പോൾ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം ജനുവരി 20നാണ് പുറത്തിറങ്ങുന്നത്. പിന്നീടുള്ള മൂന്ന് ദിവസം അമ്മയെ കണ്ടതിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് ശേഷം എറണാകുളം സബ് ജയിലിലേക്ക് മടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2015 ജനുവരി 29ന് തൃശ്ശൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ ജീവപര്യന്തം തടവാണ് കോടതി നിസാമിന് വിധിച്ചത്.നിസാം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് ചന്ദ്രബോസിനെ നിസാം തൻെറ “ഹമ്മർ” വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുന്നത്.
പരിക്കേറ്റ് രക്തംവാര്‍ന്ന് കിടന്ന ചന്ദ്രബോസിനെ നിസാം ബൂട്ടുപയോഗിച്ച് നെഞ്ചത്ത് ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയവരെയും നിസാം മര്‍ദ്ദിച്ചു. പൊട്ടിയ വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞ് കയറിയായിരുന്നു ചന്ദ്രബോസ് മരിച്ചത്. നിഷ്ഠൂരമായ കൊലപാതകമായതിനാല്‍ മുമ്പ് പലതവണ കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.