| Thursday, 27th June 2019, 7:54 am

അബ്ദുള്ളക്കുട്ടിയ്‌ക്കൊപ്പം ടി.ഡി.പി ദേശീയ വക്താവും ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നാല് എം.പിമാര്‍ കൂറുമാറിയതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ ടി.ഡി.പി ദേശീയ വക്താവ് ലങ്ക ദിനകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ദിനകര്‍ ബി.ജെ.പി അംഗത്വമെടുത്തത്.

ഇന്നലെ അബ്ദുള്ളക്കുട്ടിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ രാജ്യസഭാ എം.പി രാംകുമാര്‍ കശ്യപും ഇതേ വേദിയില്‍ വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

വൈ.എസ് ചൗധരി, സി.എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി വെങ്കടേഷ് എന്നീ എം.പിമാരാണ് നേരത്തെ ടി.ഡി.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

സി.എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു പേരാണ് ആദ്യം ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ കൂറുമാറ്റ പരിധിയില്‍പ്പെടാതിരിക്കാന്‍ മറ്റു രണ്ട് പേരെ കൂടി കൂട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ മാത്രമാണ് ടി.ഡി.പിയ്ക്ക് പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാനായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്.

അതേസമയം രാജ്യസഭയില്‍ ബി.ജെ.പിയ്ക്ക് ശക്തിപകരുന്നതാണ് എം.പിമാരുടെ കൂറുമാറ്റം. 245 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 102 അംഗങ്ങളാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more