| Friday, 28th June 2019, 11:02 am

'ബംഗ്ലാവ് ഒഴിയണം': ചന്ദ്രബാബു നായിഡുവിന് 'പൊളിച്ചുമാറ്റല്‍' നോട്ടീസ് നല്‍കി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് സ്വകാര്യ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍.

അമരാവതിയിലുള്ള ബംഗ്ലാവില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്നും കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് നോട്ടീസില്‍ പറഞ്ഞു.

നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച ‘പ്രജാ വേദിക’എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു.

നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ് ഹൗസാണ് പൊളിച്ചു നീക്കുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്ണനദീ തീരത്താണ് ബംഗാവ്. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ബംഗ്ലാവ് പണിതതെന്നും കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.

വസതി ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് തെലുങ്കു ദേശം പാര്‍ട്ടി നേതാക്കള്‍.

സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നിയമലംഘനം നടത്തിയത് തുടര്‍ന്നുപോകാന്‍ കഴിയില്ലെന്നതുകൊണ്ടാണ് കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റിയതെന്നും ഹരിത ട്രൈബ്യൂണലിന്റേയും നദീതടസംരക്ഷണ ആക്ടും ലംഘിച്ചുകൊണ്ടാണ് പണിതതെന്ന് വ്യക്തമാകുകയും ചെയ്തസാഹചര്യത്തിലായിരുന്നു നടപടിയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു.

” നായിഡുവിന്റെ വാടക ബംഗ്ലാവ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ലിംഗാമനേനി എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ചത് നിയമവരുദ്ധമായാണ്. അവിടെ ഞാനാണ് താമസിക്കുന്നതെങ്കില്‍ പോലും അത് തെറ്റാണ്. ഉന്നത സ്ഥാനം അലങ്കരിച്ച ഒരു വ്യക്തി ഇത്തരത്തിലൊരു നിയമലംഘനത്തിന്റെ ഭാഗമാകുന്നത് ശരിയല്ല”- ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

എന്നാല്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടി.ഡി.പി ആരോപിച്ചു. കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റേതായി അവിടെയുണ്ടായിരുന്ന നിരവധി വസ്തുക്കള്‍ അവര്‍ നശിപ്പിച്ചെന്നും യാതൊരു മനസാക്ഷിയും കാണിച്ചില്ലെന്നും ടി.ഡി.പി കുറ്റപ്പെടുത്തി. 2016 മുതല്‍ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് ചന്ദ്രബാബു നായിഡു താമസിച്ചത്. ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനെ തുടര്‍ന്നായിരുന്ന ഇത്.

പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. ആന്ധ്രാപ്രദേശ് കാപിറ്റല്‍ റീജിയന്‍ അതോറിറ്റിയായിരുന്നു ഹാള്‍ നിര്‍മ്മിച്ചുനല്‍കിയത്. വസതിയോട് ചേര്‍ന്നുതന്നെയായിരുന്നു ഹാളും നിര്‍മിച്ചത്.

ഔദ്യോഗിക കാര്യങ്ങള്‍ക്കായി തുടര്‍ന്നും ഓഫീസ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നായിഡു ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് അടുത്തിടെ കത്തയച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയായി ഹാള്‍ ഉള്‍പ്പെടെ അനുവദിച്ചു തരണമെന്നായിരുന്നു കത്തിലെ ആവശ്യം.

We use cookies to give you the best possible experience. Learn more