| Wednesday, 15th January 2020, 5:23 pm

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം; ഒരുമാസം ധര്‍ണ നടത്തരുതെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തീസ് ഹസാരി കോടതി ആസാദിന് ജാമ്യം നല്‍കിയിരിക്കുന്നത്. ഒരുമാസം ധര്‍ണ നടത്തരുതെന്നും ഷാഹിന്‍ബാഗില്‍ പോകരുതെന്നും കോടതി.

ദല്‍ഹി ഹൈക്കോടതിയാണ് ജാമ്യ ഹരജിയില്‍ വിധി പറഞ്ഞത്. ഡിസംബര്‍ 21 മുതല്‍ ജുഡീഷ്യല്‍ കഴിയുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.

സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോഴായിരുന്നു ജഡ്ജി തെളിവ് ആവശ്യപ്പെട്ടതും പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചതും.

അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ടുള്ള പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ സി.എ.എയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റുകളായിരുന്നു അതെല്ലാം. ഇതിന് പിന്നാലെയാണ് ജഡ്ജി പ്രോസിക്യൂട്ടര്‍ക്കെതിരെ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിലെവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും ധര്‍ണയും പ്രതിഷേധവും നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ജഡ്ജി ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണയ്ക്കുന്നത്? പ്രതിഷേധിക്കാന്‍ പാടില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ?

ദല്‍ഹി ജുമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് പോലെയാണ് നിങ്ങളുടെ പെരുമാറ്റം. ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്ഥാന്‍- എന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

ആരാധനാലയങ്ങള്‍ക്ക് പുറത്തുള്ള പ്രതിഷേധം ഏത് നിയമപ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ തന്നോട് വിശദീകരിക്കണമെന്നും ജഡ്ജി പ്രോസിക്യൂട്ടറോട് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആസാദിനെതിരെ യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥന മാനിച്ചാണ് ജാമ്യ ഹരജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.

Latest Stories

We use cookies to give you the best possible experience. Learn more