ന്യൂദൽഹി: ഭരണഘടനയുടെ 240ാം അനുച്ഛേദത്തിൽ ചണ്ഡീഗഢിനെ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ എതിർത്ത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും ശിരോമണി അകാലിദൾ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദലും.
ഇത് പഞ്ചാബിന്റെ സ്വത്വത്തിനും ഭരണഘടനാ അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
‘ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചാബിന്റെ ചണ്ഡീഗഡിന് മേലുള്ള അവകാശങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം ലളിതമായൊരു നീക്കമല്ല, മറിച്ച് പഞ്ചാബിന്റെ സ്വത്വത്തിനും ഭരണഘടന അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇത് ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുകയും പഞ്ചാബികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു,’ കെജ്‌രിവാൾ പറഞ്ഞു.
മാനസികാവസ്ഥ അങ്ങേയറ്റം അപകടകരമാണെന്നും രാജ്യത്തിൻറെ സുരക്ഷയ്ക്കും ഭക്ഷണത്തിനും വെള്ളത്തിനും മനുഷ്യത്വത്തിനും വേണ്ടി ഇപ്പോഴും ത്യാഗം ചെയ്യുന്ന പഞ്ചാബിന് ഇന്ന് സ്വന്തം പങ്ക് നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഇതിലൂടെ ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബികൾ ഒരു സ്വേച്ഛാധിപത്യത്തിന് മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇതിലും പഞ്ചാബ് തലകുനിക്കില്ലെന്നും ചണ്ഡീഗഡ് പഞ്ചാബിന്റേതാണെന്നും പഞ്ചാബിനൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 240ാം അനുച്ഛേദത്തിൽ ചണ്ഡീഗഢിനെ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ ഹർസിമ്രത് കൗർ ബാദലും എതിർത്തു. ഈ നീക്കത്തോടെ പഞ്ചാബിന് ചണ്ഡീഗഢിന് മേലുള്ള അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് അവർ പറഞ്ഞു.
ഇത് പഞ്ചാബിനേറ്റ കടുത്ത പ്രഹരമാണെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ കവർച്ചയും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് കൗർ കൂട്ടിച്ചേർത്തു.
ചണ്ഡീഗഢ് പഞ്ചാബിൻ്റെ അവിഭാജ്യ ഘടകമാണ്. ചണ്ഡീഗഢിന്റെ പ്രശ്‌നമായാലും പഞ്ചാബിലെ ജലാശയങ്ങളുടെ പ്രശ്‌നമായാലും പഞ്ചാബ് ബി.ജെ.പി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ചണ്ഡീഗഢമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശയക്കുഴപ്പങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കും. ഒരു പഞ്ചാബി എന്ന നിലയിൽ തങ്ങൾക്ക് പഞ്ചാബ് എപ്പോഴും ഒന്നാമതാണെന്ന് താൻ ഉറപ്പ് നൽകുന്നുവെന്നും പഞ്ചാബ് ബി.ജെ.പി മേധാവി സുനിൽ ജാഖർ പറഞ്ഞു.
ഡിസംബർ ഒന്നുമുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന ബിൽ കേന്ദ്രം കൊണ്ടുവരുമെന്ന് ലോക്സഭയുടെ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.
ബിൽ പാസായാൽ ചണ്ഡീഗഡിന് ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്റർ ഉണ്ടാകും പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായി ചണ്ഡീഗഡ് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.
Content Highlight: Chandigarh to be included under Article 240; Arvind Kejriwal and Harsimrat Kaur Badal oppose the central move