| Monday, 18th August 2025, 1:41 pm

ആ സെറ്റില്‍ ലാലേട്ടനെ പോലെ സംസാരിച്ചാല്‍ നമുക്ക് ഒരാളോട് എന്തും പറയാം: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്.

കല്യാണിക്കും നസ്‌ലെനും പുറമെ ചന്തു സലിംകുമാറും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ലോകഃ സിനിമയുടെ സെറ്റിലെ തമാശകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.

തങ്ങള്‍ മോഹന്‍ലാലിനെ പോലെ ‘മോനേ’ അല്ലെങ്കില്‍ ‘മോളേ’ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളത് എന്നാണ് ചന്തു പറയുന്നത്. ‘ലാലേട്ടന്റെ ഒരു രീതിയാണ് അത്’ എന്ന് പറയുന്ന നടന്‍ തങ്ങളുടെ സെറ്റില്‍ എല്ലാവരും മോഹന്‍ലാല്‍ ആയിരുന്നുവെന്നും പറഞ്ഞു.

‘ലാലേട്ടനെ പോലെ സംസാരിച്ചാല്‍ നമുക്ക് ഒരാളോട് എന്തും പറയാമെന്നതാണ് സത്യം. ഒരാളെ ചീത്ത പറയുമ്പോള്‍ പോലും ലാലേട്ടനെ പോലെ പറഞ്ഞാല്‍ അവനത് വിഷമമാകില്ല. ലാലേട്ടന്‍ എന്ത് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുമല്ലോ. അത് സത്യത്തില്‍ പയറ്റി തെളിഞ്ഞ ഒരു കാര്യമാണ്.

നമ്മുടെ കോസ്റ്റിയൂമോ മറ്റോ ശരിയായില്ലെങ്കില്‍ നമുക്ക് അവരെ ചീത്ത പറയാന്‍ തോന്നും. അപ്പോള്‍ ലാലേട്ടന്‍ പറയുന്നത് പോലെ പറഞ്ഞാല്‍ അവരും ഹാപ്പിയാകും ഞാനും ഹാപ്പിയാകും. എനിക്ക് ചീത്ത പറയാനും പറ്റും, അവന് അത് മനസിലാകുകയും ചെയ്യും. ലാലേട്ടനെ പോലെ സംസാരിച്ച് നോക്കൂ. ‘എന്താ മോനേ? ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ’ എന്നൊക്കെ പറഞ്ഞാല്‍ മതി,’ ചന്തു സലിംകുമാര്‍ പറഞ്ഞു.

അതേസമയം ഈ കാര്യം തന്നെ താന്‍ സ്വന്തം ടോണില്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ക്ക് അത് വിഷമമുണ്ടാകുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ ടോണില്‍ പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ലെന്നും ആര്‍ക്കും അതില്‍ നിന്നും വിഷമമുണ്ടാവില്ലെന്നും ചന്തു പറയുന്നു. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര:

നവാഗതനായ ഡൊമിനിക് അരുണാണ് ഈ സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്.

തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചന്ദ്രയും അതിനിടയില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. കല്യാണിക്കും നസ്ലെനും ചന്തു സലിംകുമാറിനും പുറമെ അരുണ്‍ കുര്യന്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Content Highlight: Chandhu Salimkumar Talks About Lokah Movie Set

We use cookies to give you the best possible experience. Learn more