ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ സലിംകുമാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമാജീവിതം ആരംഭിച്ച നടനാണ് ചന്തു സലിംകുമാര്‍. ഫഹദ് നായകനായ മാലിക്കിലും ചെറിയ വേഷം ചെയ്‌തെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ് ചന്തു ശ്രദ്ധിക്കപ്പെട്ടത്. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ലോകാഃ ചാപ്റ്റര്‍ വണ്ണിലും താരം പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വന്‍ വിജയമായതിന് പിന്നാലെ തമിഴിലെ വമ്പന്‍ താരങ്ങള്‍ സിനിമയുടെ ക്രൂവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും കമല്‍ ഹാസനും ചിത്രത്തിന്റെ ക്രൂവുമായി സംസാരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ സൗബിനെത്തേടി ലോകേഷ് ചിത്രം കൂലിയില്‍ ഒരു വേഷം ലഭിച്ചു.
തന്റെ മുന്നില്‍ വെച്ചാണ് ലോകേഷ് കനകരാജ് സൗബിനോട് കൂലിയുടെ കഥ പറഞ്ഞതെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. സൗബിനെ കാസ്റ്റ് ചെയ്ത ദിവസം താനും അയാളുടെ കൂടെയുണ്ടായിരുന്നെന്നും അന്ന് ചാന്‍സ് ചോദിക്കാതെ പോയെന്നും ചന്തു പറഞ്ഞു. ശ്രുതി ഹാസനും ലോകേഷിനൊപ്പം ഉണ്ടായിരുന്നെന്നും താന്‍ അന്ന് ഒന്നും മിണ്ടാതെയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ശ്രുതി ഹാസനും ലോകേഷും സൗബിക്കയുമൊക്കെ ഇരിക്കുന്ന സ്ഥലത്തോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലായിരുന്നു. കാരണം ശ്രുതി ഹാസനാണ് അവിടെയുള്ളത്. കമല്‍ ഹാസന്റെ മകളാണല്ലോ. എനിക്കാണെങ്കില്‍ ഹാസന്‍ എന്ന പേര് കേട്ടാല്‍ തന്നെ പേടിയാണ്. അത് പണ്ടേ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് അന്ന് മിണ്ടാതിരുന്നത്.
രജിനി സാറിനോട് അങ്ങനെയൊരു പേടിയില്ല. അദ്ദേഹം തലൈവറല്ലേ. പുള്ളിയോട് നല്ല രീതിയില്‍ സംസാരിച്ചു. എന്താ പറയുക, അച്ഛനോട് പെരുമാറുന്നതുപോലെ അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കും. മമ്മൂക്കയോടും അങ്ങനെ തന്നെയാണ്. അദ്ദേഹത്തെ കുട്ടിക്കാലം മുതലേ നേരിട്ട് കാണുന്നതാണ്. പക്ഷേ, കമല്‍ സാറിനോട് ആ ഒരു വൈബ് കിട്ടില്ല. ഒരു അധ്യാപകനോട് തോന്നുന്ന പേടി കലര്‍ന്ന ബഹുമാനമാണ് കമല്‍ സാറിനോട്,’ ചന്തു സലിംകുമാര്‍ പറയുന്നു.
ചന്തു സലിംകുമാര്‍ ഭാഗമായ ലോകാഃ ചാപ്റ്റര്‍വണ്ണിന് അതിഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ വേണു എന്ന കഥാപാത്രത്തെയാണ് ചന്തു അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തിന് മികച്ച റെസ്‌പോണ്‍സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Chandhu Salimkumar saying he scared to speak with Kamal Haasan