മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ എത്തി സ്വന്തം ഇടം കണ്ടെത്തിയ യുവതാരമാണ് ചന്തു സലിംകുമാർ. മമ്മൂട്ടി നായകനായ ‘ലവ് ഇൻ സിംഗപ്പൂർ’ എന്ന ചിത്രത്തിൽ സലിംകുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ചന്തു സിനിമയിലേക്ക് എത്തിയത്.
തുടർന്ന് ‘നടികർ’, ‘പൈങ്കിളി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത് ‘മഞ്ഞുമ്മൽ ബോയ്സ്’ ആയിരുന്നു. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന്റെ കരിയറിലെ നിർണായക വഴിത്തിരിവായി മാറുകയും ചെയ്തു.
ചന്തു സലിം കുമാർ, കല്യാണി പ്രിയദർശൻ, Photo: IMDb
ഇപ്പോൾ മലയാള സിനിമാപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നത് മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള ചന്തുവിന്റെ വാക്കുകളാണ്. മോഹൻലാലിന്റെ ഏറ്റവും അണ്ടർറേറ്റഡ് പ്രകടനം ഏതാണ് എന്ന ചോദ്യത്തിന്, യാതൊരു സംശയവും കൂടാതെ ‘ഹലോ’യിലെ ശിവരാമൻ എന്ന കഥാപാത്രത്തെയാണ് ചന്തു തെരഞ്ഞെടുത്തത്.
‘മോഹൻലാലിന്റെ മികച്ച പ്രകടനങ്ങൾ പറയുമ്പോൾ പലരും ‘വാനപ്രസ്ഥം’ പോലുള്ള സിനിമകളെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ‘ഹലോ’യിലെ ശിവരാമൻ എന്ന കഥാപാത്രം അർഹിച്ച രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടില്ല. അത് ഒരു കൊമേർഷ്യൽ സിനിമയായതുകൊണ്ടാണ് ആ പ്രകടനം പലപ്പോഴും മറഞ്ഞുപോയത്,’ എന്നാണ് ചന്തു പറയുന്നത്.
ഒരു വ്യക്തിയുടെ ഉള്ളിലെ ദുഃഖവും പുറമേ കാണിക്കുന്ന ലാളിത്യവും ഒരുമിച്ച് കൊണ്ടുപോകുന്ന കഥാപാത്രമായിരുന്നു ശിവരാമൻ എന്ന് ചന്തു വിലയിരുത്തുന്നു. ജീവിതത്തിൽ വലിയൊരു ട്രാജഡി നേരിട്ടിട്ടും, അതിന്റെ വേദന ഉള്ളിൽ ഒളിപ്പിച്ച് തമാശകളിലൂടെ ജീവിക്കുന്ന ഒരാളായി മോഹൻലാൽ ആ കഥാപാത്രത്തെ അതീവ സ്വാഭാവികമായി അവതരിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സിനിമയിലെ ഒരു പ്രത്യേക സീനിനെക്കുറിച്ചും ചന്തു സംസാരിച്ചു. വീട്ടിൽ ഇരുന്ന് അച്ഛനെയും അമ്മയെയും അനിയനെയും കുറിച്ച് സംസാരിക്കുന്ന രംഗം ഇന്നത്തെ തലമുറയിലെ ഏതൊരു നടനും അതേ ഈസിലും കംഫർട്ടിലും അവതരിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ആ സീനിനടുത്ത് പോലും ഒരു പെർഫോമൻസ് ആരെങ്കിലും എന്നെങ്കിലും ചെയ്ത് കാണിച്ചാൽ ഞാൻ അഭിനയത്തിൽ നിന്ന് റിട്ടയർ ചെയ്യും,’ എന്നായിരുന്നു ചന്തുവിന്റെ രസകരമായ പ്രതികരണം.
‘ഹലോ’യിലെ മദ്യപാനരംഗങ്ങളും ചന്തുവിനെ ഏറെ സ്വാധീനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. മലയാള സിനിമയിൽ മദ്യപാനിയായി മോഹൻലാലിനെ പല തവണ കണ്ടിട്ടുണ്ടെങ്കിലും, ‘ഹലോ’യിലെ ശിവരാമൻ പൂർണമായും വേറിട്ട കഥാപാത്രമായിരുന്നുവെന്ന് ചന്തു ചൂണ്ടിക്കാട്ടി.
വിഷാദത്തിനുള്ളിൽ നിന്നുകൊണ്ട് പോലും ഹാസ്യം കണ്ടെത്തുന്ന ആ മനുഷ്യനെ മോഹൻലാലിന് മാത്രമേ അത്ര കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Chandhu salim kumar talk about Mohanlal