| Monday, 23rd November 2026, 8:49 am

കേരള ബോക്‌സ് ഓഫീസില്‍ രജിനിക്ക് നല്ല സമയമല്ല, കഷ്ടപ്പെട്ട് കിട്ടിയ ഒന്നാം സ്ഥാനം രാമായണ കൊണ്ടുപോകുമോ?

അമര്‍നാഥ് എം.

ഒമ്പത് വര്‍ഷം മുമ്പ് ബാഹുബലി 2 കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. മോളിവുഡിലെ പല സൂപ്പര്‍താരങ്ങളും 50 കോടി കളക്ഷന്‍ സ്വപ്‌നം കണ്ടിട്ടില്ലാത്ത സമയത്ത് കേരളത്തില്‍ നിന്ന് മാത്രം 75 കോടിക്കടുത്താണ് ബാഹുബലി 2 നേടിയത്. പിന്നീട് മറ്റൊരു അന്യഭാഷാ സിനിമയും ഇതിനടുത്ത് എത്തിയിരുന്നില്ല.

ഒമ്പത് വര്‍ഷത്തിന് ശേഷം രജിനികാന്താണ് ബാഹുബലിയെ മറികടന്നത്. ഇന്‍ഡസ്ട്രി ഹൈപ്പ് ചിത്രം ജയിലര്‍ 2 കേരളത്തില്‍ നിന്ന് മാത്രം 80 കോടിയിലേറെ നേടി ചരിത്രമെഴുതിയിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രത്തിന്റെ റെക്കോഡ് തലൈവരുടെ പേരിലായത് സിനിമാലോകത്ത് വലിയ വാര്‍ത്തയായി മാറി.

ജയിലര്‍ 2 Photo: Theatrical poster

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മുത്തുവേല്‍ പാണ്ഡ്യന്റെ ഒന്നാം സ്ഥാനം അധികകാലം നിലനില്‍ക്കില്ലെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. ബോളിവുഡ് ചിത്രം രാമായണയുടെ നോണ്‍ സ്‌റ്റോപ്പ് കുതിപ്പ് ഇപ്പോഴും തുടരുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 60 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിക്കഴിഞ്ഞു.

പുതിയ റിലീസുകള്‍ക്കിടയിലും മികച്ച ഹോള്‍ഡാണ് രാമായണക്ക്. ഫാമിലി ഓഡിയന്‍സിന്റെ ഫസ്റ്റ് ചോയ്‌സായതിനാല്‍ പ്രധാന സ്‌ക്രീനുകളിലെല്ലാം രാമയണ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 18ാം ദിവസമായ ഇന്നലെ ഒന്നര കോടിക്കടുത്ത് ചിത്രത്തിന് നേടാനായി. ഇതോടെ കേരളത്തില്‍ നിന്ന് മാത്രം 61 കോടിയോളം രാമായണ ഇതുവരെ നേടിക്കഴിഞ്ഞു.

ജയിലര്‍ 2ന്റെ കളക്ഷന്‍ മറികടക്കാനുള്ള എല്ലാ സാധ്യതയും രാമായണയുടെ മുന്നിലുണ്ട്. ഡിസംബര്‍ 17ന് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ വരുന്നതുവരെ പ്രീമിയം സ്‌ക്രീനുകളെല്ലാം രാമായണക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഒ.ടി.ടി റിലീസിനായി ആരും കാത്തിരിക്കാതെ വിഷ്വല്‍ എക്‌സ്പീരിയന്‍സിനായി ബിഗ് സ്‌ക്രീന്‍ തെരഞ്ഞെടുക്കുന്നതും ചിത്രത്തിന് ഗുണം ചെയ്യുകയാണ്.

ആദ്യഭാഗം കേരളത്തില്‍ ഇത്രയധികം കളക്ഷന്‍ നേടുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഭക്തി സിനിമകളെ വലിയ രീതിയില്‍ പ്രൊമോട്ട് ചെയ്യുന്ന ആന്ധ്ര/തെലങ്കാനയെക്കാള്‍ കളക്ഷന്‍ കേരളത്തിലാണെന്നതും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. രാമായണയുടെ രണ്ടാം ഭാഗം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാന്‍ സാധ്യതയുണ്ടെന്നും ട്രാക്കര്‍മാര്‍ പ്രവചിക്കുന്നു.

Content Highlight: Chances that Ramayana can surpass the Kerala collection of Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more