| Thursday, 11th September 2025, 10:53 pm

കേരളത്തില്‍ ഇത്രയും ഹൈപ്പ് ഉണ്ടെന്ന് വിചാരിച്ചില്ല, ആദ്യദിനം ഒരു കോടി നേടാന്‍ ജാപ്പനീസ് അനിമേ ഡീമണ്‍ സ്ലേയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡീമണ്‍ സ്ലേയര്‍ സിനിമാ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രം ഡീമണ്‍ സ്ലേയര്‍: കിമിറ്റ്‌സു നോ യൈഡ ഇന്‍ഫിനിറ്റി കാസില്‍ ഇന്ത്യയില്‍ റിലീസിന് തയാറെടുക്കുകയാണ്. സിനിമാപ്രേമികള്‍ക്കിടയില്‍ വമ്പന്‍ ഹൈപ്പ് സ്വന്തമാക്കിയ ചിത്രം പല ഷോകളും ഇതിനോടകം ഹൗസ്ഫുള്ളായിക്കഴിഞ്ഞു. ഒരു ജാപ്പനീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ഡീമണ്‍ സ്ലേയറിന്റേത്.

കേരളത്തിലും ചിത്രത്തിന് മികച്ച വരവേല്പാണ് ഒരുങ്ങുന്നത്. വളരെ ചുരുക്കം സെന്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പ്രീ സെയിലിലൂടെ മാത്രം 75 ലക്ഷത്തിനടുത്ത് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കോടിയുടെ ഓപ്പണിങ് കളക്ഷന്‍ ഡീമണ്‍ സ്ലേയര്‍ സ്വന്തമാക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

കേരളത്തിലെ രണ്ട് ഐമാക്‌സ് സ്‌ക്രീനിലും ചിത്രത്തിന്റെ ഷോ എല്ലാം സോള്‍ഡ് ഔട്ടായിക്കഴിഞ്ഞു. വന്‍ ഡിമാന്‍ഡ് കാരണം കൊച്ചിയിലെ ഐമാക്‌സ് സ്‌ക്രീനില്‍ പുലര്‍ച്ചെ നാല് മണിക്ക് ഷോ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സ്‌ക്രീനുകളിലും പല ഷോയും ഹൗസ് ഫുള്ളായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് വേര്‍ഷനുണ്ടെങ്കിലും പലരും ജാപ്പനീസ് വേര്‍ഷനാണ് തെരഞ്ഞെടുക്കുന്നത്.

2016 മുതല്‍ 2020 വരെ സ്ട്രീം ചെയ്ത അനിമേ സിരീസാണ് ഡീമണ്‍ സ്ലേയര്‍. 2020ല്‍ ആദ്യ ഡീമണ്‍ സ്ലേയര്‍ സിനിമ പുറത്തിറങ്ങിയിരുന്നു. വന്‍ വിജയമാണ് ചിത്രം നേടിയത്. ഒ.ടി.ടിയുടെ ജനപ്രീതിയാണ് ഇന്ത്യയിലും ഡീമണ്‍ സ്ലേയറിന് ആരാധകരെ സമ്മാനിച്ചത്. ഡീമണ്‍ സ്ലേയറിന്റെ രണ്ടാമത്തെ ചിത്രവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

2025 ജൂലൈയിലാണ് ഡീമണ്‍ സ്ലേയര്‍: ഇന്‍ഫിനിറ്റി കാസില്‍ ജപ്പാനില്‍ റിലീസായത്. 297 മില്യണ്‍ ഇതിനോടകം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയിലടക്കം ഗ്രാന്‍ഡ് റിലീസ് സെപ്റ്റംബര്‍ 12നാണ്. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളുടെ പട്ടികയില്‍ ഡീമണ്‍ സ്ലേയറും ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയില്‍ നിന്ന് മാത്രം പ്രീ സെയിലിലൂടെ 15 കോടിക്കുമുകളില്‍ ചിത്രം നേടിക്കഴിഞ്ഞു. ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകള്‍ക്ക് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഐമാക്‌സ്, 4DX, എപിക് ഫോര്‍മാറ്റുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. F1ന് ശേഷം ഇന്ത്യയില്‍ ഓളം സൃഷ്ടിക്കുന്ന ചിത്രമാകും ഡീമണ്‍ സ്ലേയര്‍.

Content Highlight: Chances that Demon Slayer will get one crore first day collection from Kerala

We use cookies to give you the best possible experience. Learn more