| Saturday, 6th June 2026, 8:57 pm

കാവിവല്‍ക്കരണം വീണ്ടും: എം.ജി സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച 19 പേരില്‍ ഭൂരിപക്ഷവും ആര്‍.എസ്.എസ് - ബി.ജെ.പി പശ്ചാത്തലമുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയില്‍ സെനറ്റിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാമ നിര്‍ദേശം ചെയ്തവരില്‍ ഭൂരിപക്ഷവും ബി.ജെ.പി- ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരെന്ന് റിപ്പോര്‍ട്ട്. 30 അംഗ സെനറ്റിലേക്ക് 19 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സമര്‍പിച്ചിട്ടുള്ളത്. ഇതില്‍ ഏതാണ്ട് മുഴുവന്‍ പേരും ആര്‍.എസ്.എസ് – ബി.ജെ.പി പശ്ചാത്തലത്തിലുള്ളവരാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശങ്കര രാമന്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി എന്നിവര്‍ ഈ പട്ടികയിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ബി.വി.പി നേതാവ് എസ്.മേഘയെയും സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ അഭിഭാഷക സംഘടനയിലുള്ളവരെയും സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായല്ല ആര്‍.എസ്.എസ്-ബി.ജെ.പി പശ്ചാത്തലമുള്ളവരെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തിരുകിക്കയറ്റുന്നത്. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനവും ഗവര്‍ണര്‍ക്കെതിരെ പല തവണ ഉയര്‍ന്നിരുന്നു.

സര്‍വകലാശാലകളിലെ കാവിവല്‍ക്കരണം അടക്കമുള്ള വിഷയങ്ങള്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങളിലേക്കും നയിച്ചിരുന്നു. സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ മാസം അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് സര്‍വകലാശാലകളില്‍ ഒരു ബി.ജെ.പി അനുകൂല ഇടപെടലുണ്ടാവുന്നത്.

കഴിഞ്ഞ വര്‍ഷം വിവിധ സര്‍വകലാശാല സിന്‍ഡിക്കേറ്റുകളിലേക്ക് സംഘപരിവാറുകാരെ അംഗങ്ങളായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദേശിച്ചിരുന്നു. സംസ്‌കൃത സര്‍വകലാശാലയിലും വെറ്റിനറി സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ചട്ടം ലംഘിച്ച് ചാന്‍സലര്‍ നാമനിര്‍ദേശം നടത്തുകയായിരുന്നു.

ആര്‍.എസ്.എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘില്‍ അംഗങ്ങളായ ഡോ. ആര്‍.എസ്. വിനീത്, ഡോ. സിന്ധു അന്തര്‍ജനം, ആര്‍.എസ്.എസ് അനുഭാവികളായ ഡോ. എസ്. ശ്രീകലാദേവി, ഡോ. കെ ഉണ്ണികൃഷ്ണന്‍ എന്നിവരെ അന്ന് സംസ്‌കൃത സര്‍വകലാശാല സെനറ്റിലേക്ക് അന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

വെറ്ററിനറി സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന് സമാനമായ മാനേജ്‌മെന്റ് കൗണ്‍സിലിലേക്ക് ബി.ജെ.പി അനുകൂല അധ്യാപകസംഘടനയായ എ.ബി.ആര്‍.എസ്.എമ്മിന്റെ പ്രസിഡന്റ് ഡോ. സാനി എസ്. ജൂലിയറ്റ്, ജനറല്‍ സെക്രട്ടറി ഡോ. സി.എന്‍. ദിനേശ് എന്നിവരെയും അന്ന് നിര്‍ദേശിച്ചിരുന്നു.

ഗവര്‍ണര്‍ നിയമിച്ച നാല് വി.സിമാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആര്‍.എസ്.എസ് പരിപാടി ജ്ഞാനസഭയില്‍ പങ്കെടുത്തതും കാവിവല്‍ക്കരണം നടത്തുന്നുവെന്ന വിമര്‍ശനത്തെ ശരിവച്ചിരുന്നു. കേരള സര്‍വകലാശാല കാലിക്കറ്റ് വി.സി. ഡോ. പി. രവീന്ദ്രന്‍, കേരള വി.സി. മോഹന്‍ കുന്നുമ്മല്‍, കണ്ണൂര്‍ വി.സി പ്രൊഫ. ഡോ. കെ.കെ. സാജു, കുഫോസ് വി.സി എ. ബിജുകുമാര്‍ എന്നിവരായിരുന്നു അന്ന് ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തത്.

Content Highlight: Chancellor Kerala Governor Rajendra Arlekar Allegedly Added RSS BJP Linked People to MG University Senate

Latest Stories

We use cookies to give you the best possible experience. Learn more