| Sunday, 19th May 2019, 7:32 pm

എന്‍.ഡി.എയ്ക്ക് കാര്യങ്ങള്‍ അനായാസമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍; നേടുമെന്ന് പ്രവചിച്ചത് 340 സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.

മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.

നേരത്തേ പുറത്തുവന്ന ഇന്ത്യാ ടുഡേ-ആക്‌സിസ് പോള്‍ സര്‍വേ ഫലത്തില്‍ ദക്ഷിണേന്ത്യ യു.പി.എയ്ക്ക് അനുകൂലമാകുമെന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

ദക്ഷിണേന്ത്യയില്‍ യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകള്‍ ബി.ജെ.പി സഖ്യം നേടുമ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിക്കുക 3-6 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.

പ്രതിപക്ഷ ഐക്യത്തിന് കിണഞ്ഞുശ്രമിക്കുന്ന എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശില്‍ നേട്ടമുണ്ടാക്കാനാവില്ലെന്ന് സര്‍വേ പറയുന്നു. അവിടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 18-20 സീറ്റുകള്‍ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകള്‍ മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്.

തെലങ്കാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പറയുന്നു. 1-3 സീറ്റുകളാണ് ഇവര്‍ക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആര്‍.എസ് 10-12 സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്ന് സര്‍വേ പറയുന്നു. ടി.ആര്‍.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സര്‍വേ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more