| Monday, 10th March 2025, 12:07 pm

നിര്‍ണായക സമയത്ത് തെറ്റുകള്‍ വരുത്തുന്ന ഒരു ബാറ്ററെ നമുക്കാവശ്യമില്ല: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്.

മത്സരത്തില്‍ മധ്യ ഓവറുകളില്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 62 പന്തില്‍ 48 റണ്‍സായിരുന്നു താരം നേടിയത്. ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ തുടരെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. രോഹിത് ശര്‍മയുടെയും അക്സര്‍ പട്ടേലിന്റെയും കൂടെ ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ താരം ശ്രമിച്ചിരുന്നു.

ഫൈനലില്‍ നിര്‍ണായക ഘട്ടത്തില്‍ ബ്ലാക്ക് ക്യാപ്‌സ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് പുറത്തായത്. ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ സിംഗിളുകള്‍ എടുത്തും, ഇടവേളകളില്‍ ബൗണ്ടറികളും സിക്‌സുകളെടുത്തും ടീമിനെ മുന്നോട്ട് നയിക്കാന്‍ വലംകയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചു. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ 37 ആം ഓവറില്‍ രണ്ടാം ബോളില്‍ ഒരു സിക്‌സ് അടിച്ചിരുന്നു. വീണ്ടും സിക്‌സ് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോങ് ഓണില്‍ കെയ്ല്‍ ജാമിസണിന് ക്യാച്ചിനുള്ള അവസരവും അയ്യര്‍ നല്‍കിയിരുന്നു.

ശ്രേയസിന്റെ നിര്‍ണായക ഘട്ടത്തിലെ ഈ അഗ്രസീവ് മനോഭാവത്തെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മുന്‍ താരം ശ്രേയസിനെ കുറിച്ച് സംസാരിച്ചത്. എന്ത് നേടാനാണ് ശ്രേയസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും നിര്‍ണായക ഘട്ടത്തില്‍ പിഴവ് വരുത്തുന്ന ബാറ്ററെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.

‘എന്ത് നേടാനാണ് അവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? ഇപ്പോള്‍ സിക്‌സ് ഒരു അടിച്ചിട്ടേയുള്ളൂ. അപ്പോള്‍ തന്നെ മറ്റൊന്നിന്റെ ആവശ്യമില്ല. മത്സരത്തിന്റെ ഈ നിര്‍ണായക സമയത്ത് തെറ്റുകള്‍ വരുത്തുന്ന ഒരു ബാറ്ററെ നമുക്കാവശ്യമില്ല. ഭാഗ്യവശാല്‍, ജാമിസണ്‍ ക്യാച്ച് കൈവിട്ടു,’ ഗവാസ്‌കര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ശ്രേയസ് അയ്യര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 243 റണ്‍സെടുത്ത താരം ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമതുണ്ട്. 79 .41 സ്‌ട്രൈക്ക് റേറ്റും 48 .60 ശരാശരിയുമാണ് താരത്തിനുള്ളത്.

അച്ചടക്ക നടപടികളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ശ്രേയസിനെ കേന്ദ്ര കരാറില്‍ നിന്ന് ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് താരം വീണ്ടും കേന്ദ്ര കരാറില്‍ ഉള്‍പ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്.

Content Highlight: Champions Trophy: Sunil Gavaskar Warns Indian Cricketer Shreyas Iyer

Latest Stories

We use cookies to give you the best possible experience. Learn more