ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ രോഹിത്തിന് നേരത്തെ തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് 37കാരനായ രോഹിത് ശര്‍മ. ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനാണ് രോഹിത് ശര്‍മയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദ് ഗില്‍ക്രിസ്റ്റിനെയാണ് രോഹിത് മറികടന്നത്.
രോഹിത് ശര്‍മ (ഇന്ത്യ) – 37 വര്‍ഷവും 313 ദിവസവും – 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍
ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 35 വര്‍ഷവും 165 ദിവസവും – 2007ലെ ഏകദിന ലോകകപ്പില്‍
മൊഹീന്ദര്‍ അമര്‍നാഥ് (ഇന്ത്യ) – 32 വര്‍ഷവും 274 ദിവസവും – 1983ലെ ഏകദിന ലോകകപ്പില്‍
ക്ലൈവ് ലോയ്ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 30 വര്‍ഷവും 294 ദിവസവും – 1975ലെ ഏകദിന ലോകകപ്പില്‍
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റുകളിലും ഒരു ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഏക ക്യാപ്റ്റനെന്ന നേട്ടവും താരത്തിന് നേടാനായി.
കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഹോം പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് രോഹിത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതോടെ മികച്ച ക്യാപ്റ്റന്‍ എന്ന രോഹിത്തിന്റെ പെരുമ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
Content Highlight: Champions Trophy: Rohit Sharma In Great Record Achievement