| Friday, 7th March 2025, 3:26 pm

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വമ്പന്‍ പോര്; വസീം അക്രത്തെയും വഖാര്‍ യൂനിസിനെയും കടന്നാക്രമിച്ച് റാഷിദ് ലത്തീഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ്ര് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും മെന്‍ ഇന്‍ ഗ്രീന്‍ പരാജയപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെതിരെയാ പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ മുന്‍ പാക് താരങ്ങളായ വസീം അക്രവും വഖാര്‍ യൂനിസും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇരുവര്‍ക്കുമെതിരെ സംസാപിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരവും പരിശീലകനുമായ റാഷിദ് ലത്തിഫ്. ഇരുവരും പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കണമെന്നും. മുന്‍ താരങ്ങള്‍ പാക് ക്രിക്കറ്റിനെ വളരാന്‍ അനുവദിക്കുന്നില്ലെന്നും പണത്തിന് വേണ്ടി ഇരുവരും എന്തും ചെയ്യുമെന്നും ലത്തീഫ് പറഞ്ഞു.

ലത്തീഫ് പറഞ്ഞത്

’90കളിലെ ഈ കളിക്കാര്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ വളരാന്‍ അനുവദിച്ചില്ല, അതുകൊണ്ടാണ് പാകിസ്ഥാന്‍ മറ്റൊരു ലോകകപ്പ് നേടാന്‍ 17 വര്‍ഷമെടുത്തത്. അവരെ മാനേജ്മെന്റില്‍ നിന്നും ടീമില്‍ നിന്നും അകറ്റി നിര്‍ത്തുക, അവര്‍ വിജയിക്കാന്‍ തുടങ്ങും. പാകിസ്ഥാന്‍ ക്രിക്കറ്റിനെ അവര്‍ വളരെക്കാലം സേവിച്ചു, അവര്‍ മാറിനില്‍ക്കേണ്ട സമയമായി.

അവര്‍ ദുബായ് ഇളക്കിമറിച്ചു (ചാമ്പ്യന്‍സ് ട്രോഫിയിലെ കമന്റേറ്ററിങ് സെഷനില്‍ ഇരു താരങ്ങളും ദുബായില്‍ തുടര്‍ന്നിരുന്നു). അവര്‍ സന്തുഷ്ടരാണെന്ന് തോന്നുന്നു. പരസ്പരം പ്രശംസിച്ചുകൊണ്ട് അവര്‍ കരിയറില്‍ ഞങ്ങള്‍ക്കെതിരെ അഭിപ്രായവ്യത്യാസങ്ങള്‍ ഉന്നയിച്ചു, അത് പാകിസ്ഥാന്‍ ക്രിക്കറ്റിനെയാണ് ബാധിച്ചത്. ആകര്‍ഷകരായ വ്യക്തികള്‍ അവര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നു, അതിന് വേണ്ടി അവര്‍ എന്തും ചെയ്യും,’ റാഷിദ് ലത്തിഫ് പറഞ്ഞു.

അതേസമയം 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ആദ്യ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് എത്തിയപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: Champions Trophy: Rashid Latif Criticize Waqar Yunis And Wasim Akram

We use cookies to give you the best possible experience. Learn more