| Saturday, 15th March 2025, 7:08 pm

അവര്‍ക്ക് അന്യായമായ മുന്‍തൂക്കം ലഭിച്ചുവെന്ന് ഞാന്‍ പറയില്ല: ഗ്ലെന്‍ മഗ്രാത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്.

ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തിയതിനെത്തുടര്‍ന്ന് വിലയ വിമര്‍ശനങ്ങളും ഇന്ത്യ നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ദുബായില്‍ മത്സരങ്ങള്‍ നടത്തിയത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കില്ലെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. സ്പിന്‍ പിച്ചുകളില്‍ എങ്ങളനെ പ്രകടനം നടത്തണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും മഗ്രാത്ത് പറഞ്ഞു.

മഗ്രാത്ത് പറഞ്ഞത്

‘ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്, ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാറില്ല. ദുബായില്‍ മത്സരങ്ങള്‍ നടത്തേണ്ടി വന്നതിന് ഒരേയൊരു അപവാദം മാത്രമേയുള്ളൂ. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഇന്ത്യയുടെ കഴിവിനെ നിങ്ങള്‍ അംഗീകരിക്കണം. സ്പിന്നിങ് പിച്ചുകളില്‍ എങ്ങനെ പ്രകടനം നടത്തണമെന്ന് അവര്‍ക്ക് അറിയാം.

അവര്‍ക്ക് അന്യായമായ മുന്‍തൂക്കം ലഭിച്ചുവെന്ന് ഞാന്‍ പറയില്ല. ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ കളിച്ചാലും അല്ലെങ്കില്‍ ഓസ്ട്രേലിയ അവരുടെ എല്ലാ മത്സരങ്ങളും ഓസ്ട്രേലിയയില്‍ കളിച്ചാലും അന്യായമായ മുന്‍തൂക്കം ലഭിക്കുമെന്ന് പറയുന്നതിന് സമാനമാണിത്.

ഇന്ത്യയുടെ ഐ.പി.എല്ലും ടി-20 ക്രിക്കറ്റും ഏകദിന ക്രിക്കറ്റിന്റെ വികസനത്തിന് തീര്‍ച്ചയായും നല്ല സംഭാവന നല്‍കിയിട്ടുണ്ട്. ടീം ആത്മവിശ്വാസം നിറഞ്ഞവരാണ്, അവര്‍ അവരുടെ കളിയെ ശരിക്കും മനസിലാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, ഏകദിനങ്ങളും ലോകകപ്പുകളും ഇന്ത്യ വിജയിക്കുന്നു.

മറ്റ് ടീമുകള്‍ക്ക് ഇന്ത്യയില്‍ പോയി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അവര്‍ വെല്ലുവിളികള്‍ നേരിടുന്നത് കാണുന്നത് എനിക്ക് ഇഷ്ടമാണ്, ഇന്ത്യ ഒരു മികച്ച നിലവാരമുള്ള ടീമാണെന്നതില്‍ തര്‍ക്കമില്ല,’ മഗ്രാത്ത് പറഞ്ഞു.

Content Highlight: Champions Trophy: Glenn MacGrath Talking About Indian Cricket Team

We use cookies to give you the best possible experience. Learn more