| Friday, 7th March 2025, 5:42 pm

രോഹിത് അവന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് ചിന്തിക്കണം; തുറന്ന് പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് എത്തിയപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി നാലാം ഫൈനലിനാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഒരുങ്ങുന്നത്. എന്നിരുന്നാലും ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനങ്ങില്‍ രോഹിത് വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ 104 റണ്‍സാണ് താരം നേടിയത്.

Rohit Sharma

ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. 25-30 റണ്‍സെടുക്കുന്നതില്‍ രോഹിത് സന്തുഷ്ടനാകരുതെന്നും 25 ഓവര്‍ വരെ കളിക്കുന്നതിനാണ് ടീമില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് താരം അഭിപ്രായം അറിയിച്ചത്.

’25 -30 റണ്‍സെടുക്കുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനാകരുതെന്നാണ് ഞാന്‍ പറയുക. ഏഴോ, എട്ടോ, ഒമ്പതോ ഓവര്‍ വരെ കളിക്കുന്നതിനേക്കാള്‍ ഇരുപത്തിയഞ്ച് ഓവര്‍ കളിക്കുന്നതാണ് ടീമില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുക. രോഹിത് അവന്റെ ബാറ്റിങ് ശൈലിയെ കുറിച്ച് ചിന്തിക്കണം. അഗ്രസ്സീവായി കളിക്കുന്നതിനൊപ്പം തന്നെ 25 ഓവര്‍ വരെയെങ്കിലും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. അവന് അങ്ങനെ ചെയ്യാന്‍ പറ്റിയാല്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാകും,’ ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ അഗ്രസ്സീവ് ബാറ്റിങ് ശൈലിയെ കുറിച്ചും മുന്‍ താരം സംസാരിച്ചു. ആ രീതി പിന്തുടര്‍ന്ന് രോഹിത്തിന് ചില വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും താരത്തിന്റെ കഴിവിനനുസരിച്ചുള്ള ശൈലിയല്ല ഇതെന്നും ഗവാസ്‌കര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഷോട്ടുകളുള്ള കളിക്കാന്‍ കഴിയുന്ന മികച്ച കഴിവുള്ള താരമാണ് രോഹിത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത് പിന്തുടരുന്ന ഒരു സമീപനമാണിത്. ഇന്ത്യയില്‍ നടന്ന ലോകകപ്പ് കാലത്താണ് അവന്‍ ഈ രീതിയില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചത്, അദ്ദേഹത്തിന് ചില വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ അത് അവന്റെ കഴിവിന് അര്‍ഹിക്കുന്നതല്ല. വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിക്കാനുള്ള മികച്ച കഴിവുള്ള താരമാണ് അവന്‍,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Champions Trophy 2025: Sunil Gavaskar Talking About Rohit Sharma

We use cookies to give you the best possible experience. Learn more