പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ടി-20 വീണ്ടുമെത്തുന്നു. ടൂര്‍ണമെന്റിന്റെ ഏഴാം എഡിഷന്‍ 2026 സെപ്റ്റംബറില്‍ നടക്കും. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവിധ ടി-20 ലീഗുകളുടെ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും പിന്തുണ ലഭിച്ചതോടെയാണ് ഐ.സി.സി ചാമ്പ്യന്‍സ് ലീഗ് ടി-20ക്ക് പച്ചക്കൊടി കാണിച്ചത്.
ചാമ്പ്യന്‍സ് ലീഗ് ടി-20 കിരീടവുമായി ധോണി
2009/10 ലാണ് ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ നടന്നത്. നാല് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമായത്.
ഐ.പി.എല്ലില്‍ നിന്നും ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ മാറ്റരുച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂ സൗത്ത് വേല്‍സും വിക്ടോറിയയും ടൂര്‍ണമെന്റിന്റെ ഭാഗമായി.
സോമര്‍സെറ്റ്, സസക്‌സ് എന്നിവര്‍ ഇംഗ്ലീഷ് ടി-20 കപ്പിനെ പ്രതിനിധീകരിച്ചും ഈഗിള്‍സ്, കേപ്പ് കോബ്രാസ് എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗിനെ പ്രതിനിധീകരിച്ചും ചാമ്പ്യന്‍സ് ലീഗ് ടി-20 കളിച്ചു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ (വെസ്റ്റ് ഇന്‍ഡീസ്), ഒട്ടാഗോ വോള്‍ട്ട്‌സ് (ന്യൂസിലാന്‍ഡ്), വയംബ ഇലവന്‍സ് (ശ്രീലങ്ക) എന്നിവരും ആദ്യ ചാമ്പ്യന്‍സ് ലീഗ് ടി-20യില്‍ കളത്തിലിറങ്ങി.
ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സെമി ഫൈനലിന് യോഗ്യത നേടാതെ ഐ.പി.എല്ലിലെ മൂന്ന് ടീമുകളും പുറത്തായി.
ആദ്യ സീസണിന്റെ കിരീടപ്പോരാട്ടത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയും ന്യൂ സൗത്ത് വേല്‍സുമാണ് ഏറ്റുമുട്ടിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ബ്രെറ്റ് ലീയുടെ ഓള്‍ റൗണ്ട് മികവില്‍ എന്‍.എസ്.ഡബ്ല്യൂ വിജയം സ്വന്തമാക്കി. ലീ 31 പന്തില്‍ 48 റണ്‍സും പന്തെറിഞ്ഞ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യ ചാമ്പ്യന്‍മാര്‍
എന്‍.എസ്.ഡബ്ല്യൂ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടി ആന്‍ഡ് ടി 118ന് പുറത്തായി. ബ്രെറ്റ് ലീയായിരുന്നു ഫൈനലിലെ താരം. ടൂര്‍ണമെന്റിലെ താരമായും ലീയെ തന്നെയാണ് തെരഞ്ഞെടുത്തത്.
ആദ്യ സീസണില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് തിളങ്ങാനായില്ലെങ്കിലും തുടര്‍ന്ന് നടന്ന അഞ്ചില്‍ നാല് സീസണിലും ഐ.പി.എല്‍ ടീമുകള്‍ കപ്പുയര്‍ത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും രണ്ട് തവണ വീതമാണ് ചാമ്പ്യന്‍സ് ലീഗ് ടൈറ്റില്‍ സ്വന്തമാക്കിയത്.
കിരീടവുമായി ചെന്നെെ സൂപ്പർ കിങ്സും മുംബെെ ഇന്ത്യന്‍സും
2012/13 സീസണിലാണ് മറ്റൊരു ടീമിന് കിരീടം നേടാനായത്. ബി.ബി.എല്‍ ടീമായ സിഡ്‌നി സിക്‌സേഴ്‌സാണ് കിരീടം നേടിയ ടീം. ജോഹനാസ്‌ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ ടീം ലയണ്‍സിനെ പരാജയപ്പെടുത്തിയാണ് സിക്‌സേഴ്‌സ് കപ്പുയര്‍ത്തിയത്.
സിഡ്‌നി സിക്‌സേഴ്‌സ് കപ്പുമായി
ഇപ്പോള്‍ ഈ ടൂര്‍ണമെന്റിന്റെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഐ.പി.എല്ലിന് പുറമെ മറ്റേതെല്ലാം ക്രിക്കറ്റ് ലീഗുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ലോകമെമ്പാടുമുള്ള ടി-20 ടൂര്‍ണമെന്റുകളുടെ ക്വാളിറ്റി ഏറെ മെച്ചപ്പെട്ടതിനാല്‍ തന്നെ 2026ല്‍ തീപാറുന്ന പോരാട്ടത്തിനാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.
എന്നാല്‍ ലോകമെമ്പാടമുള്ള ടി-20 ലീഗുകളില്‍ ഒരേ താരങ്ങള്‍ തന്നെ കളിക്കുന്നത് ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഉദാഹരണത്തിന് നിലവില്‍ ഐ.പി.എല്‍ ടീമില്‍ കളിക്കുന്ന ഒരു താരം സി.പി.എല്‍. ബി.ബി.എല്‍ അടക്കമുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. ഇത് ക്രമീകരിക്കുക എന്നത് വലിയ തലവേദനയുയര്‍ത്തിയേക്കും.
Content Highlight: Champions League T20 will relaunch in 2026 September