റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായി സോറന്‍ വീട്ടുതടങ്കലില്‍. ഭൂമി ഏറ്റെടുക്കലിൽ സർക്കാരിനെതിരെ ആദിവാസി സംഘടനകള്‍ പ്രതിഷേധിക്കാനിരിക്കെയാണ് ചമ്പായി സോറനെ വീട്ടുതടങ്കലിലാക്കിയത്. നടപടി ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലിന്റെ ഭാഗമാണെന്ന് റാഞ്ചി സിറ്റി ഡി.എസ്.പി പറഞ്ഞു.
തനിക്കെതിരായ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചമ്പായി സോറന്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘നാഗ്ഡിയിലെ ആദിവാസി കര്‍ഷകരുടെ ശബ്ദം ഉയരാതിരിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇന്ന് (ഞായര്‍) രാവിലെ മുതല്‍ എന്നെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്,’ ചമ്പായി സോറന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളമായി ഇന്ന് നടന്ന പ്രതിഷേധങ്ങളില്‍ താന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുക്കാനിരുന്നതാണെന്നും എന്നാല്‍ ഏതാനും നേതാക്കളെ വഴിയരികില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ചമ്പായി സോറന്‍ ആരോപിച്ചു.
റാഞ്ചിയില്‍ നിര്‍മിക്കാനിരിക്കുന്ന റിംസ്-2 എന്ന ആശുപത്രിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് ആദിവാസി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചമ്പായി സോറനെ തടവിലാക്കിയത്.
റിംസിന്റെ രണ്ടാമത്തെ കാമ്പസ് നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെയാണ് ആദിവാസി സംഘടനകള്‍ രംഗത്തെത്തിയത്. ആശുപത്രിക്കായി കണ്ടെത്തിയ ഭൂമി ആദിവാസികളുടേതാണെന്നും പരമ്പരാഗതമായി കൃഷിക്കായി ഉപയോഗിക്കുന്നതാണെന്നും നാഗ്ഡി സമീന്‍ ബച്ചാവോ സംഘര്‍ഷ് സമിതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഒത്തുകൂടിയതെന്ന് നാഗ്ഡി സമീന്‍ ബച്ചാവോ സംഘര്‍ഷ് സമിതി അംഗം സീത കച്ചാപ്പ് പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്, ഏറ്റെടുക്കാനിരിക്കുന്ന ഭൂമി തദ്ദേശീയരുടേതല്ലെന്നും ആശുപത്രിയുടെ നിര്‍മാണം ആദിവാസികളെ ബാധിക്കില്ലെന്നുമാണ് ആരോഗ്യമന്ത്രി ഇര്‍ഫാന്‍ അന്‍സാരി പറയുന്നത്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാര്‍ഡിയോളജി, ഓങ്കോളജി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് എന്നീ വകുപ്പുകളും മെഡിക്കല്‍ കോളേജും ഗവേഷണ കേന്ദ്രവും ടെലിമെഡിസിന്‍ യൂണിറ്റുകളും അടങ്ങുന്നതാണ് റിംസ്-2.
അതേസമയം ചമ്പായി സോറന്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. 2024ല്‍ ഹേമന്ത് സോറന്‍ രാജി വെച്ചതിന് പിന്നാലെയാണ് ചമ്പായി സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
2024ല്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിന് മുമ്പേ സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചമ്പായി സോറാന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്.
ഇ.ഡി അറസ്റ്റിന് ശേഷം ഏകദേശം അഞ്ച് മാസം കഴിഞ്ഞ് ജൂണ്‍ 28നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. തുടർന്ന് ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെ ചമ്പായി സോറന്‍ രാജിവെക്കുകയും പിന്നീട് ബി.ജെ.പിയിൽ ചേരുകയും ചെയ്തു.
Content Highlight: Champai Soren under house arrest