വനിതാ ഏഷ്യാ കപ്പില്‍ ചമാരി അത്തപ്പത്തു കുറിച്ച ചരിത്രനേട്ടത്തിന്റെ അലിയൊലികള്‍ അവസാനമില്ലാതെ തുടരുകയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്തോനേഷ്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് നേടിയ ബൗളിങ് പ്രകടനമാണ് ദിവസങ്ങള്‍ക്കിപ്പുറവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് ചമാരി ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. ഹാട്രിക് ഉള്‍പ്പടെയായിരുന്നു താരത്തിന്റെ നേട്ടം.
ഈ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയിരിക്കുകയാണ് ലങ്കന്‍ ക്യാപ്റ്റന്‍. അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന നേട്ടമാണ് ചമാരി തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്.
അജന്ത മെന്‍ഡിസ്, രംഗന ഹെറാത്ത്, ലസിത് മലിംഗ എന്നീ ഇതിഹാസങ്ങളെയടക്കം പിന്തള്ളിയായിരുന്നു താരത്തിന്റെ നേട്ടം.
(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ചമാരി അത്തപ്പത്തു – ഇന്തോനേഷ്യ – 7/5 2026*
അജന്ത മെന്‍ഡിസ് – സിംബാബ്‌വേ – 6/8 2012
അജന്ത മെന്‍ഡിസ് – ഓസ്‌ട്രേലിയ – 6/16 2011
രംഗന ഹെറാത്ത് – ന്യൂസിലാന്‍ഡ് – 5/3 2014
ലസിത് മലിംഗ – ന്യൂസിലാന്‍ഡ് – 5/6 2019
ഇന്‍ഡോനേഷ്യയ്‌ക്കെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതിന്റെ എല്ലാ വിഷമവും ബൗളിങ്ങില്‍ തീര്‍ത്താണ് ബാറ്റിങ് ഓള്‍റൗണ്ടര്‍ കൂടിയായ ചമാരി കരുത്ത് കാട്ടിയത്. മത്സരത്തിലെ താരവും ചമാരിയായിരുന്നു.
നാളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍.
അതേസമയം, ശ്രീലങ്ക സെമി ഫൈനലിനും ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിന് മലേഷ്യയാണ് സെമിയില്‍ ചമാരിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
Content Highlight: Chamari Athapaththu holds the record for the best bowling figures by a Sri Lankan player in international T20s.