| Sunday, 12th July 2026, 2:24 pm

ഏതെങ്കിലും ഒരു സിനിമ പാളിയാല്‍ ചമനും ജേക്ക്‌സിനും ട്രോള്‍; ഖലീഫയും ഐ ആം ഗെയിമിനും കോമണ്‍ ഫാക്ടര്‍ ഇവര്‍ രണ്ട് പേരും

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ആവേശത്തോടെയാണ് ക്ലാഷ് റിലീസുകളെ ആരാധകര്‍ നോക്കികാണാറുള്ളത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതോടൊപ്പം ഭീഷണിയായി മറ്റ് ചിത്രങ്ങളും എത്തുമ്പോള്‍ വലിയ മത്സരത്തിനാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കാറുള്ളത്. ഭൂരിഭാഗം സമയങ്ങളിലും ഏതെങ്കിലും ഒരു ചിത്രമാണ് മത്സരത്തില്‍ വിജയിക്കാറുളളതെങ്കിലും നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ കൈ വിടാറില്ല. 2024ല്‍ ക്ലാഷ് റിലീസായെത്തിയ ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയത് ഇതിന് ഉദാഹരണമാണ്.

എന്നാല്‍ തീപാറുന്ന ക്ലാഷ് റിലീസുകള്‍ക്കാണ് അടുത്ത മാസം മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുമായി പൃഥ്വിരാജും കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്കെത്തുന്ന ഐ ആം ഗെയിമും ഇതിന് രണ്ടിനും പുറമെ ഗിരീഷ് എ.ഡിയുടെ ഫീല്‍ ഗുഡ് ചിത്രവുമായി നിവിന്‍ പോളിയും ഓണം റിലീസിനെത്തുമ്പോള്‍ വമ്പന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

Photo: X.com

എന്നാല്‍ സിനിമാ ലോകത്ത് ചര്‍ച്ചയായകുന്നത് ഐ നോബഡിയും ഖലീഫയും തമ്മിലുള്ള കോമണ്‍ ഫാക്ടറാണ്. ഇരു ചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ മ്യൂസിക് ഡയറക്ടറും എഡിറ്ററുമാണെന്ന് കാണാം. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകനായ ജേക്ക്‌സ് ബിജോയ് ഇരു ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കുമ്പോള്‍ ചമന്‍ ചാക്കോയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. സിനിമയുടെ റിലീസ് അടുപ്പിച്ച് അവസാന ഘട്ടം വരെ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാവുന്ന വിഭാഗങ്ങളാണ് രണ്ടും എന്നതും എടുത്തുപറയേണ്ടതാണ്.

എന്നാല്‍ ഇരുവര്‍ക്കും രണ്ട് ചിത്രങ്ങളെയും കുറിച്ച് ആലോചിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദം ചെറുതായിരിക്കില്ല എന്ന് പറയുന്ന ഒരു സിനിമാ പേജിലെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലാഷ് റിലീസിനെത്തുമ്പോള്‍ ഏതെങ്കിലും ഒരു ചിത്രം മോശമായാല്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനവും ട്രോളുകളും ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.

ജേക്ക്‌സ് ബിജോയ് . Photo: Ott Play

എന്നാല്‍ വലിയ പ്രതീക്ഷയോടെയാണ് ക്ലാഷിനെ ഇരുവരും നോക്കിക്കാണുന്നത്. ഐ ആം ഗെയിമിന്റെ സംവിധായകന്‍ നഹാസ് ഹിദായത്തിനും ഖലീഫ സംവിധായകന്‍ വൈശാഖിനും ഒപ്പം ചമന്‍ ചാക്കോ പങ്കുവെച്ച ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ചിത്രങ്ങളിലും വലിയ പ്രതീക്ഷയാണുള്ളതെന്നും രണ്ട് ചിത്രങ്ങളും വിജയിക്കട്ടെ എന്നുമായിരുന്നു ജേക്ക്‌സ് ബിജോയ് പറഞ്ഞത്.

Content Highlight: Chaman Chacko and Jakes Bejoy works in Khalifa and I’m Game both to release for onam as clash release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more