| Saturday, 7th June 2025, 6:43 pm

വാഗ്ദാനം ചെയ്യാന്‍ വിമാനങ്ങളോ കോടിക്കണക്കിന് ഡോളറുകളോ ഇല്ല, പക്ഷേ അന്തസുണ്ട്; പൗരന്മാര്‍ക്ക് വിസ നിഷേധിച്ച യു.എസ് നടപടിയില്‍ തിരിച്ചടിച്ച് ചാഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ജാമിന: ചാഡ് പൗരന്മാര്‍ക്ക് വിസ നിഷേധിച്ച അമേരിക്കയുടെ നടപടിക്കെതിരെ തിരിച്ചടിച്ച് ആഫ്രിക്കന്‍ രാജ്യമായ ചാഡ് . അമേരിക്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അമേരിക്കക്കാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചാഡ് പ്രസിഡന്റ് മഹാമത് ഇഡ്രിസ് ഡെബി പ്രഖ്യാപിച്ചു.

പര്യാപ്തമായ സ്‌ക്രീനിങ് ഇല്ലാതിരിക്കുക, തീവ്രവാദ ബന്ധങ്ങള്‍, യു.എസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്സുമെന്റുമായുള്ള സഹകരണമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചാണ് യു.എസ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്.

ഇതിന്റെ പ്രതികരണമായി പരസ്പര സഹകരണങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും അമേരിക്കന്‍ ഐക്യനാടുകളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി ചാഡ് പ്രസിഡന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘ചാഡിന് വാഗ്ദാനം ചെയ്യാന്‍ വിമാനങ്ങളോ കോടിക്കണക്കിന് ഡോളറുകളോ ഇല്ല, പക്ഷേ ചാഡിന് അതിന്റേതായ അന്തസും അഭിമാനവുമുണ്ട്,’ ഡെബി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റിപ്പബ്ലിക് ഓഫ് കോംഗോയെ യു.എസ് യാത്രാ കരിമ്പട്ടികയില്‍ ചേര്‍ത്തത് തെറ്റിദ്ധാരണ മൂലമാണെന്ന് കോംഗോ സര്‍ക്കാര്‍ വക്താവ് തിയറി മൗംഗല്ല പറഞ്ഞു.

കോംഗോ ഒരു തീവ്രവാദ രാജ്യമല്ല, ഒരു തീവ്രവാദിയുടെയും വാസസ്ഥലവുമല്ല, അവിടെ ഒരു തീവ്രവാദ പ്രവര്‍ത്തനവും ഉള്ളതായി അറിയില്ല. അതിനാല്‍ ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് ഞങ്ങള്‍ കരുതുന്നു. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികള്‍ അമേരിക്കന്‍ അധികാരികളെ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

കൂടാതെ ഏഴ് രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്ഥാന്‍, വെനസ്വേല എന്നിവിടങ്ങള്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണവും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Chad halts US visas in revenge for Trump travel ban to United States for Chad citizens

We use cookies to give you the best possible experience. Learn more