| Sunday, 27th September 2026, 7:15 pm

മൂന്ന് ഫസ്റ്റ് ഇന്നിങ്‌സുകള്‍, പിറന്നത് എണ്ണം പറഞ്ഞ നാല് സെഞ്ച്വറികള്‍! രണ്ട് 350!! അടിവാങ്ങിയത് ഇന്ത്യയും ഓസ്‌ട്രേലിയയും ലങ്കയും

ആദർശ് എം.കെ.

ഒരേ ദിവസം മൂന്ന് ഏകദിനങ്ങള്‍ ഐ.സി.സി ഷെഡ്യൂള്‍ ചെയ്തപ്പോള്‍ ഇങ്ങനെയൊരു സൂപ്പര്‍ സണ്‍ഡേ ആരാധകര്‍ ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മൂന്ന് മത്സരങ്ങളുടെയും ഫസ്റ്റ് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയായപ്പോള്‍ പിറന്നത് എണ്ണം പറഞ്ഞ നാല് സെഞ്ച്വറികളാണ്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് സെഞ്ച്വറിയടിച്ചപ്പോള്‍, സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ ക്ലാസിക് പോരാട്ടത്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഡേവിഡ് മില്ലറും ക്യാപ്റ്റന്‍ തെംബ ബാവുമയും സെഞ്ച്വറി നേട്ടത്തിലെത്തി.

ഇംഗ്ലണ്ട് – ശ്രീലങ്ക സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ടോം ബാന്റണിന്റെ വകയായിരുന്നു സെഞ്ച്വറി.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഒ.ഡി.ഐ സീരീസ് ഓപ്പണറില്‍ 108 പന്തില്‍ 101 റണ്‍സുമായാണ് ജസ്റ്റിന്‍ ഗ്രീവ്‌സ് കരുത്തുകാട്ടിയത്.

ജോണ്‍ കാംബെല്ലിനൊപ്പം (60 പന്തില്‍ 62) ഒന്നാം വിക്കറ്റില്‍ 135 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗ്രീവ്‌സാണ് വിന്‍ഡീസ് 7/295 എന്ന സ്‌കോറിലേക്കുയര്‍ന്നത്.

വിന്‍ഡീസിനായി അഞ്ചാം നമ്പറിലിറങ്ങിയ അര്‍ധ സെഞ്ച്വറി നേടിയ ആമിര്‍ ജാംഗുവും കരുത്തായി. 43 പന്ത് നേരിട്ട് പുറത്താകാതെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ നേരിട്ട തോല്‍വിയുടെ നിരാശയില്‍ നിന്നും കരകയറാനെത്തിയ കങ്കാരുക്കളെ തച്ചുതകര്‍ത്താണ് മില്ലറും ബാവുമയും തങ്ങളുടെ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.

93 പന്തില്‍ 142 റണ്‍സാണ് ഡേവിഡ് മില്ലര്‍ ആടിച്ചെടുത്തത്. ഒമ്പത് സിക്‌സറും 12 ഫോറും അടക്കം 152.69 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ഇതിനൊപ്പം ഏകദിനത്തിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് മില്ലര്‍ ഓസീസിനെതിരെ ജോഹനാസ്‌ബെര്‍ഗില്‍ കുറിച്ചത്.

116 പന്തില്‍ 103 റണ്‍സടിച്ചാണ് ക്യാപ്റ്റന്‍ ബാവുമ കളം വിട്ടത്. 10 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇരുവരുടെയും കരുത്തില്‍ പ്രോട്ടിയാസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സ് അടിച്ചെടുത്തു.

ഓവലില്‍ നടക്കുന്ന ശ്രീലങ്ക – ഇംഗ്ലണ്ട് സീരീസ് ഡിസൈഡര്‍ മത്സരത്തിലാണ് ഓപ്പണര്‍ ടോം ബാന്റണ്‍ സെഞ്ച്വറിയുമായി തിളങ്ങിയത്. ജയിക്കുന്ന ടീമിന് പരമ്പരയെന്ന നിര്‍ണായക മത്സരത്തില്‍ രണം അല്ലെങ്കില്‍ മരണം എന്ന ആറ്റിറ്റിയൂഡില്‍ കളത്തിലിറങ്ങിയ താരം 105 പന്തില്‍ 126 റണ്‍സാണ് അടിച്ചെടുത്തത്.

16 ഫോറും അഞ്ച് സിക്‌സറും അടക്കം 120.00 സ്‌ട്രൈക് റേറ്റിലായിരുന്നു ബാന്റണിന്റെ പ്രകടനം.

ഓപ്പണര്‍ ബെന്‍ ഡക്കറ്റും (അഞ്ച് പന്തില്‍ പൂജ്യം), ജോ റൂട്ടും നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനൊപ്പം പടുത്തുയര്‍ത്തിയ 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലീഷ് നിരയില്‍ നിര്‍ണായകമായത്.

ബ്രൂക്ക് 66 പന്തില്‍ 77 റണ്‍സ് നേടി. 52 പന്തില്‍ 76 റണ്‍സടിച്ച ജോര്‍ദന്‍ കോക്‌സും ഇംഗ്ലണ്ടിനായി തന്റെ റോള്‍ ഗംഭീരമാക്കി.

ഒടുവില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 355ലെത്തി.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 38 റണ്‍സ് നേടിയിട്ടുണ്ട്.

ജോഹനാസ്‌ബെര്‍ഗിലെ ബാറ്റിങ് ട്രാക്കിന്റെ ആനുകൂല്യം മുതലെടുത്ത് ഓസ്‌ട്രേലിയയും തിരിച്ചടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 77 എന്ന നിലയിലാണ് കങ്കാരുക്കള്‍. 31 പന്തില്‍ 49 റണ്‍സുമായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും 29 പന്തില്‍ 28 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

Consent Highlight: Centuries by Justin Greaves, Temba Bavuma, David Miller, and Tom Banton.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more