| Monday, 24th November 2025, 9:09 am

പഞ്ചാബിൽ പ്രതിഷേധം ശക്തം; ചണ്ഡീഗഡിനെ പിടിച്ചെടുക്കാനുള്ള നീക്കമുപേക്ഷിച്ച് കേന്ദ്രസർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ സമ്മേളനത്തിൽ ചണ്ഡീഗഡിന്റെ പദവി മാറ്റുന്ന ബിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്രം. ചണ്ഡീഗഡിനുമേലുള്ള പഞ്ചാബിന്റെ നിയന്ത്രണം എടുത്തുകളയാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പിന്മാറ്റം.

ഭരണഘടനയുടെ 240ാം അനുച്ഛേദത്തിൽ ചണ്ഡീഗഡിനെ ഉൾപ്പെടുത്തുന്നതിന് 131ാം ഭേദഗതി ബിൽ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

ചണ്ഡീഗഡ്‌ കേന്ദ്രഭരണ പ്രദേശത്തിനായുള്ള നിയമനിർമാണ പ്രക്രിയ ലളിതമാക്കലാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഇത് ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണയിലാണെന്നും ആഭ്യന്തരമന്ത്രാലയം എക്സിൽ പറഞ്ഞു.

ഈ നിർദേശത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇത് ചണ്ഡീഗഡിന്റെ ഭരണത്തെയോ ഭരണഘടനയെയോ മാറ്റാൻ ശ്രമിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ചണ്ഡീഗഢിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, എല്ലാ പങ്കാളികളുമായും മതിയായ കൂടിയാലോചനകൾക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ഈ വിഷയത്തിൽ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

പഞ്ചാബിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. കോൺഗ്രസ്, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ ബി.ജെ.പിയും ബില്ലിനെ എതിർത്തിരുന്നു.

ഇത് പഞ്ചാബിന്റെ സ്വത്വത്തിനും ഭരണഘടനാ അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു.

ഈ നീക്കത്തോടെ പഞ്ചാബിന് ചണ്ഡീഗഢിന് മേലുള്ള അവകാശങ്ങൾ നഷ്ടപ്പെടുമെന്നും പഞ്ചാബിനേറ്റ കടുത്ത പ്രഹരമാണെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങളുടെ കവർച്ചയും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്നും ശിരോമണി അകാലിദൾ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ പറഞ്ഞിരുന്നു.

ചണ്ഡീഗഢ് പഞ്ചാബിൻ്റെ അവിഭാജ്യ ഘടകമാണ്. പഞ്ചാബ് ബി.ജെ.പി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശയക്കുഴപ്പങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പഞ്ചാബ് ബി.ജെ.പി മേധാവി സുനിൽ ജാഖർ വ്യക്തമാക്കിയിരുന്നു.

1984 മുതൽ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡ്‌ ഭരിക്കുന്നത് പഞ്ചാബ് ഗവർണറാണ്. ആർട്ടിക്കിൾ 240 പ്രകാരമുള്ള ഭരണഘടനാ ഭേദഗതി നിലവിൽ വന്നാൽ രാഷ്ട്രപതിക്കായിരിക്കും പ്രദേശത്തിന്റെ അധികാരം.

Content Highlight: Centre withdraws move to include Chandigarh under Article 240 of the Constitution

We use cookies to give you the best possible experience. Learn more