ന്യൂദല്‍ഹി: മണ്ഡല പുനര്നിര്ണയബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ 30ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും.
ഈ വര്‍ഷം ഏപ്രിലില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, അംഗബലം ഉറപ്പാക്കാനുള്ള മാസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്തവണ പാര്‍ലമെന്റ് വിൡച്ചുചേര്ക്കുന്നത്.
ഇരുസഭകളും അത്യാവശ്യമായ സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി വീണ്ടും ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച അറിയിച്ചു. ഡിസംബര്‍ മൂന്നോടെ സമ്മേളനം അവസാനിച്ചേക്കും.
ലോക്സഭയില്‍ നാല് സിറ്റിങ്ങുകളും രാജ്യസഭയില്‍ രണ്ട് സിറ്റിങ്ങുകളുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ശീതകാല സമ്മേളനമല്ല ഇത് ഓഗസ്റ്റില്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഔദ്യോഗികമായി അവസാനിപ്പിക്കാത്ത വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്.
സാധാരണയായി നവംബര്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന ശീതകാല സമ്മേളനം ഡിസംബര്‍ മൂന്നാം വാരം വരെയാണ് നീളാറുള്ളത്. പാര്‍ലമെന്റ് സമ്മേളനം പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മന്ത്രി കിരണ്‍ റിജിജു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനും പ്രത്യേകം കത്തയച്ചു.
ഓഗസ്റ്റില്‍ അവസാനമായി സഭ ചേര്‍ന്നതിനും നവംബര്‍ 30ന് വീണ്ടും ചേരുന്നതിനുമിടയില്‍ 108 ദിവസത്തെ ഇടവേളയുണ്ടാകും. 2008ല്‍ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയെന്ന മുന്‍ റെക്കോര്‍ഡും ഇതോടെ മറികടക്കും.
ഔദ്യോഗികമായി അവസാനിപ്പിക്കാത്ത സമ്മേളനം ഒരാഴ്ചയില്‍ താഴെയുള്ള അറിയിപ്പില്‍ വീണ്ടും വിളിച്ചുചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഒരു സമ്മേളനം ഔദ്യേഗികമായി അവസാനിപ്പിച്ചശേഷം പുതിയ സമ്മേളനം വിളിക്കാന്‍ രണ്ടാഴ്ചത്തെ അറിയിപ്പ് ആവശ്യമാണ്.
നവംബര്‍ 30 തിങ്കളാഴ്ച പാര്‍ലമെന്റ് വീണ്ടും ചേരുന്നതോടെ നരേന്ദ്ര മോദി സര്‍ക്കാരും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും തമ്മില്‍ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങും.
ലോക്സഭയിലെയും നിയമസഭകളിലെയും മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി. 2023ല്‍ നിയമമായ വനിതാ സംവരണം നടപ്പാക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് നിയമം.
ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്കനുസൃതമായാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം, വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡലങ്ങളുടെ ഭൂപടം രാഷ്ട്രീയ നേട്ടത്തിനായി പുനര്‍നിര്‍ണയിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.
വനിതാ ശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്നാണ് കേന്ദ്രത്തിന്റെ മറുവാദം. എന്നാല്‍ വനിതാ സംവരണത്തെ മറയാക്കി മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലതവണ കത്തയച്ചിട്ടുണ്ട്.
Content Highlight: Centre to reconvene Parliament with the aim of addressing women’s reservation and the delimitation of constituencies.