ന്യൂദൽഹി: ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് (ബുധൻ) ലോക് സഭയിൽ ബിൽ അവതരിപ്പിക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെയടക്കം നീക്കം ചെയ്യുന്നതാണ് ഈ ബിൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീർ പുനസംഘടന നിയമത്തിലെ സെക്ഷൻ 54 ഉം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ.
പുതിയ നിയമം അനുസരിച്ച് അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രി എന്നിവരുൾപ്പെടെ ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടർച്ചയായി തടങ്കലിൽ വെച്ചാൽ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും.
2019 ലെ ജമ്മു കശ്മീർ പുനസംഘടന നിയമത്തിലെ സെക്ഷൻ 54 (4A) എന്ന പുതിയ വകുപ്പ് ചേർക്കുന്നതിനാണ് നിർദ്ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്. ഒരു മന്ത്രിയെ അറസ്റ്റ് ചെയ്ത് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ വെച്ചാൽ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം 31 ദിവസത്തിനുള്ളിൽ ലെഫ്റ്റനന്റ് ഗവർണർ മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഈ വകുപ്പിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി അത്തരമൊരു ഉപദേശം നൽകിയില്ലെങ്കിൽ അടുത്ത ദിവസം മുതൽ മന്ത്രി സ്വയമേവ പദവിയിൽ നിന്ന് വിരമിക്കും.
ഭരണഘടനാപരമായ ധാർമികത സംരക്ഷിക്കുക, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ പൊതുജന വിശ്വാസം ഉറപ്പാക്കുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യങ്ങളെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി സർക്കാർ തങ്ങളുടെ താത്പര്യത്തിനനുസരിച്ച് സംസ്ഥാനങ്ങളിൽ കൈകടത്താനും ഭീഷണിപ്പെടുത്താനും വേണ്ടി ഈ നിയമം ഉപയോഗിക്കുമെന്നാണ് വിമർശനം. മുൻ ദൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും ഈ നിയമവുമായി കൂട്ടിവായിക്കാവുന്നതാണ്.
Content Highlight: Centre to introduce bill to remove ministers under arrest for more than 30 days