| Sunday, 20th July 2025, 5:01 pm

സൈനിക ആവശ്യത്തിനായി ബിത്ര ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രം; കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ നിവാസികൾ

ജിൻസി വി ഡേവിഡ്

36 ദ്വീപുകൾ ഉൾപ്പെടുന്ന ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ഈ ദ്വീപ് സമൂഹത്തിൽ ജനവാസമുള്ള ആകെ 10 ദ്വീപുകൾ മാത്രമേയുള്ളു. ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് ഏകദേശം 0.091 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വിസ്തീർണം.

105 കുടുംബങ്ങളിലായി 350 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. പ്രധാനമായും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിതം മുന്നോട്ട് പോകുന്നത്. മാലിക് മുല്ല എന്ന പുരാതന സൂഫി സന്യാസിയുടെ ശവകുടീരം ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ടൂറിസ്റ്റുകളെ വളരെയധികം ആകർഷിക്കുന്ന ഈ കൊച്ചു ദ്വീപ് ഇപ്പോൾ വാർത്തകളിൽ വലിയ ചർച്ച വിഷയമാണ്.

ബിത്ര ദ്വീപ് പ്രതിരോധ ആവശ്യങ്ങൾക്കായി സർക്കാർ ഏറ്റെടുക്കാൻ പോകുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് വിവാദങ്ങൾ ആളിപ്പടർന്നിരിക്കുന്നത്. ജൂലൈ 11ന് ലക്ഷദ്വീപ് റവന്യൂ വകുപ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.

ബിത്ര ദ്വീപ്

ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം, ദേശീയ സുരക്ഷാ പ്രസക്തി എന്നിവ കണക്കിലെടുത്ത് മുഴുവൻ ദ്വീപും ഡിഫെൻസ് ആന്റ് സ്ട്രാറ്റജിക് ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. പ്രാദേശിക ജനതയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിനായി ഒരു സോഷ്യൽ ഇമ്പാക്ട് അസ്സസ്മെന്റ് നടത്താമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

മറ്റ് ദ്വീപുകളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ള സാഹചര്യത്തിൽ എന്തിന് ബിത്ര കൂടി തെരഞ്ഞെടുത്തു. ആളില്ലാത്ത ദ്വീപുകൾ ലഭ്യമായിരിക്കെ, ജനവാസമുള്ള ഒരു ദ്വീപിനെ പൂർണമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്

ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്

ഈ വിജ്ഞാപനം പുറത്തിറങ്ങിയതോടെ വലിയ പ്രതിഷേധവും ഉയർന്നു. നിലവിൽ ദ്വീപിൽ 105 കുടുംബങ്ങളുണ്ട്. ഈ 105 കുടുംബങ്ങളിലായി 350 ആളുകളും ദ്വീപിൽ താമസിക്കുന്നുണ്ട്. ഇവരെല്ലാം പ്രധാനമായും മത്സ്യബന്ധനത്തെയും തെങ്ങുകൃഷിയെയും ആശ്രയിച്ചാണ് ജീവിക്കുന്നത്.

ദ്വീപിന്റെ 45 ചതുരശ്ര കിലോമീറ്റർ വരുന്ന ലഗൂൺ പ്രദേശം കേവലം ഒരു ഭൂമിശാസ്ത്രപരമായ സവിശേഷത മാത്രമല്ല, തലമുറകളായി ബിത്രയിലെയും മറ്റ് ദ്വീപുകളിലെയും മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന അവരുടെ ഉപജീവനമാർഗം കൂടിയാണ്. (സമുദ്രത്തിൽ നിന്നോ വലിയ ജലാശയങ്ങളിൽ നിന്നോ ഒരു മണൽത്തിട്ട മൂലമോ പവിഴപ്പുറ്റുകൾ മൂലമോ വേർതിരിക്കപ്പെട്ട, ആഴം കുറഞ്ഞ ജലസ്രോതസാണ് ലഗൂണുകൾ. ലഗൂണുകൾ മത്സ്യസമ്പത്താൽ വളരെ സമ്പന്നമാണ്)

ബിത്ര ദ്വീപ്

തങ്ങളുടെ പൂർവ്വിക ഭൂമിയും പരമ്പരാഗത മത്സ്യബന്ധന സ്ഥലങ്ങളും നഷ്ടപ്പെടുമെന്നത് ദ്വീപ് നിവാസികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല.
പ്രദേശത്തെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തുന്നതെന്നും ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും എതിർക്കുമെന്നും ലക്ഷദ്വീപ് എം.പി ഹംദുള്ള സയീദ് പറഞ്ഞു.

എന്തുകൊണ്ടാണ് ബിത്ര ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്?

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസ ദ്വീപായ ബിത്രയെ പൂർണമായി ഏറ്റെടുക്കാൻ സർക്കാർ ഇത്രയധികം ഉത്സാഹം കാണിക്കുന്നതിന് പിന്നിൽ വളരെ പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്. ഇത് കേവലം ഒരു ഭൂമി ഏറ്റെടുക്കൽ മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ ഒരു തന്ത്രപരമായ നീക്കമാണ്.

ലക്ഷദ്വീപ്, പ്രത്യേകിച്ച് ബിത്ര പോലുള്ള ദ്വീപുകൾക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ നയൻ ഡിഗ്രി ചാനലിന് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ചാനലിലൂടെയാണ് ലോക വ്യാപാരത്തിന്റെ വലിയൊരു ഭാഗം എണ്ണക്കപ്പലുകളും കടന്നുപോകുന്നത്. ഇത് ദ്വീപിന്റെ പ്രാധാന്യത്തെ വർധിപ്പിക്കുമെന്ന് സി.എസ്.ആർ ജേർണൽ പറയുന്നു.

പ്രതിഷേധിക്കുന്ന ബിത്ര നിവാസികൾ

നയൻ ഡിഗ്രി ചാനൽ എന്നത് മിനിക്കോയ് ദ്വീപിനെയും ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ മറ്റ് ദ്വീപുകളെയും വേർതിരിക്കുന്ന ഒരു പ്രധാന കപ്പൽ പാതയാണ്. സൂയസ് കനാലിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിലേക്കും തിരിച്ചും വലിയ കപ്പലുകൾ കടന്ന് പോകുന്ന ഏറ്റവും തിരക്കേറിയതും ആഴമേറിയതുമായ പാതകളിലൊന്നാണിത്. ഈ പാതയിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം നിരീക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവിക ശക്തി വർധിപ്പിക്കാനും വേണ്ടിയാണ് കേന്ദ്രം ഇപ്പോൾ ബിത്ര ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.

നിലവിൽ ലക്ഷദ്വീപിലെ കവരത്തിയിൽ ഐ.എൻ.എസ് ദ്വീപരക്ഷക്, മിനിക്കോയിൽ ഐ.എൻ.എസ് ജടായു എന്നീ നാവിക താവളങ്ങൾ ഉണ്ട്. ബിത്രയെ ഏറ്റെടുക്കുന്നതിലൂടെ ലക്ഷദ്വീപിൽ മൂന്നാമതൊരു പ്രതിരോധനാവിക താവളമോ സൈനിക താവളങ്ങളോ നിരീക്ഷണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ സാധ്യതയുണ്ടന്നും സി.എസ്.ആർ ജേർണൽ പറയുന്നു.

പ്രദേശവാസികളുടെ പ്രതിഷേധം

ബിത്ര ഏറ്റെടുക്കാനുള്ള സസർക്കാരിന്റെ നീക്കത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സൗത്ത് ഫസ്റ്റ് റിപ്പോർട്ട് പ്രകാരം ദ്വീപുവാസികൾ സേവ് ബിത്ര ഐലൻഡ് എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിഷേധക്കാർ ബിത്രയെ ഏറ്റെടുക്കുമെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ചിത്രവും കത്തിക്കുകയും ചെയ്തു.

ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്

സർക്കാർ ഈ വിഷയത്തിൽ പ്രദേശവാസികളുമായി യാതൊരു മുൻകൂർ കൂടിയാലോചനയും നടത്തിയിട്ടില്ല എന്നതാണ് പ്രധാന വിമർശനം. ഒരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ ബാധിക്കപ്പെടുന്ന ജനങ്ങളുമായി സംസാരിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും എന്നാൽ, ഇവിടെ അത്തരമൊരു പ്രക്രിയ നടന്നിട്ടില്ലെന്ന് പ്രദേശവാസികളും ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദും ആരോപിക്കുന്നു.

ദ്വീപുകളിൽ തദ്ദേശ പഞ്ചായത്തുകളുടെ പ്രവർത്തനം നിലവിലില്ലാത്ത ഈ സമയത്ത്, തദ്ദേശവാസികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഭരണകൂടം ഇത്തരം നടപടികൾ ആരംഭിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ

‘മറ്റ് ദ്വീപുകളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ള സാഹചര്യത്തിൽ എന്തിന് ബിത്ര കൂടി തെരഞ്ഞെടുത്തു. ആളില്ലാത്ത ദ്വീപുകൾ ലഭ്യമായിരിക്കെ, ജനവാസമുള്ള ഒരു ദ്വീപിനെ പൂർണമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്,’ ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ് പറഞ്ഞു.

സർക്കാർ ദ്വീപ് ഏറ്റെടുക്കുമ്പോൾ അവിടെ താമസിക്കുന്ന ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും നഷ്ടപ്പെടാം. അവരെ സ്വന്തം മണ്ണിൽ നിന്ന് പറിച്ചുനടേണ്ടിവരും. ഇത് വലിയൊരു സാമൂഹിക പ്രതിസന്ധിക്ക് വഴിവെക്കുകയും ചെയ്യും. എങ്ങോട്ട് പോകണമെന്നോ എങ്ങനെ ജീവിക്കണമെന്നോ അറിയാതെ ഒറ്റപ്പെട്ട പോകുമെന്ന ഭയം അവർക്കുണ്ട്.

ബിത്ര ദ്വീപ് നിവാസികൾക്ക് തങ്ങളുടെ ഭൂമിയുമായി ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധമുണ്ട്. തലമുറകളായി ഇവിടെ ജീവിച്ച്, ഒരു പ്രത്യേക ജീവിതരീതി പിന്തുടരുന്നവരാണ് അവർ. ദ്വീപ് വിട്ട് പോകുന്നത് അവരുടെ തനതായ സംസ്കാരത്തെയും പാരമ്പര്യത്തെയും പൂർണമായി ഇല്ലാതാക്കും എന്ന ഭയവും അവർക്കുണ്ട്.

മാത്രമല്ല ഇന്ത്യയിൽ പവിഴ പുറ്റുകളുള്ള ഏക സ്ഥലമാണ് ലക്ഷദ്വീപ്. അതുകൊണ്ട് തന്നെ പാരിസ്ഥിതികമായി വളരെ ദുർബലമായ ഒരു പ്രദേശമാണിത്. പ്രതിരോധ ആവശ്യങ്ങൾക്കായി ഇവിടെ വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ, അത് അതിലോലമായ പവിഴപ്പുറ്റുകൾ, ലഗൂണുകൾ, സമുദ്രജീവികൾ എന്നിവയെ സാരമായി ബാധിക്കും. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകൾ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ഇത് വലിയ ഭീഷണിയാണ്. വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ഇനി മുന്നോട്ടെന്ത്

സോഷ്യൽ ഇമ്പാക്ട് അസ്സസ്മെന്റ് നടത്തി ലഭിക്കുന്ന കണ്ടെത്തലുകളുടെയും കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെയും അടിസ്ഥാനത്തിലായിരിക്കും ബിത്ര ദ്വീപ് ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. അന്തിമ തീരുമാനമായാൽ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്ക്വിസിഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീസെറ്റിൽമെന്റ് ആക്ട് 2013 അനുസരിച്ച് ദ്വീപ് ഏറ്റെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഗ്രാമസഭകളുടെ സമ്മതം നിർബന്ധമല്ല എന്ന വ്യവസ്ഥ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്ക്വിസിഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീസെറ്റിൽമെന്റ് ആക്ട് 2013 ൽ ഉണ്ട്.

സോഷ്യൽ ഇമ്പാക്ട് അസ്സസ്‌മെന്റിലെ വിലയിരുത്തലിന്റെ ഭാഗമായി എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് ജില്ലാ കളക്ടർ ശിവം ചന്ദ്ര ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ നിയമത്തിൽ അത് ആവശ്യമില്ലെന്ന് പറയുന്നത് കൊണ്ട് തന്നെ ഇത്തരമൊരു ചർച്ച നടക്കുമോ, ബിത്ര നിവാസികളുടെ ആവശ്യങ്ങൾ കേൾക്കപ്പെടുമോ എന്നതിൽ സംശയമാണ്. തങ്ങളുടെ മുന്നോട്ടുള്ള ഭാവിയിൽ ആശങ്കാകുലരാണ് ബിത്ര നിവാസികൾ.

Content Highlight: Centre to acquire Bitra Island for military purposes; Residents under threat of eviction

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more