| Wednesday, 16th September 2026, 10:05 pm

യു.പി.ഐ ഫീസില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വിശദീകരണം

ആദർശ് എം.കെ.

ന്യൂദല്‍ഹി: 2000 രൂപയ്ക്ക് യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരി ഡിസ്‌കൗണ്ട് നിരക്ക് (MDR – Merchant Discount Rate) ഏര്‍പ്പെടുത്തിയത് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സമ്മര്‍ദത്താലാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്രം.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് നയങ്ങള്‍ സ്വതന്ത്രമായി കൈക്കൊണ്ടതാണെന്നും ഉപഭോക്താക്കള്‍ക്ക് യു.പി.ഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

എക്‌സില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പിലൂടെയാണ് കേന്ദ്ര ധനമന്ത്രാലയം വിദേശ സ്വാധീന ആരോപണങ്ങള്‍ നിഷേധിച്ചത്.

‘ചില അവകാശവാദങ്ങള്‍ സൂചിപ്പിക്കുന്നത് ഈ മാറ്റം വിദേശ സ്വാധീനം മൂലമാണെന്നാണ്. ഇത് തെറ്റാണ്. സ്വയം പര്യാപ്തവും ഉള്‍ക്കൊള്ളുന്നതും ചെലവുകുറഞ്ഞതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ യു.പി.ഐ നയപരമായ തീരുമാനങ്ങള്‍ സ്വതന്ത്രമായി കൈക്കൊള്ളുന്നത്,’ കുറിപ്പില്‍ പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള (Person-to-Person / P2P) പണമിടപാടുകള്‍ തുക എത്രയായാലും എപ്പോഴും സൗജന്യമായിരിക്കും. കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കുന്നതിനും ചാര്‍ജുകള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രാലയവും എന്‍.പി.സി.ഐയും പറഞ്ഞു.

യു.പി.ഐ ക്യൂ.ആര്‍ കോഡ് വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് ചാര്‍ജ് ബാധകമല്ല. കൂടാതെ, യു.പി.ഐ വഴിയുള്ള വ്യാപാരി ഇടപാടുകളില്‍ (P2M) 95 ശതമാനത്തിലധികവും 2,000 രൂപയ്ക്ക് താഴെയുള്ളവയാണ്. ഇവയ്ക്കും ചാര്‍ജുകള്‍ ബാധകമല്ല.

ഒക്ടോബര്‍ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകള്‍ക്ക് (P2M) 0.4% എം.ഡി.ആര്‍ ബാധകമാകും. ഇത് വ്യാപാരികളാണ് നല്‍കേണ്ടത്. ഉദാഹരണത്തിന്, യു.പി.ഐ വഴി 10,000 രൂപ സ്വീകരിക്കുന്ന ഒരു വ്യാപാരി 40 രൂപ എം.ഡി.ആര്‍ നല്‍കേണ്ടിവരും. ഈ ഫീസ് നിരക്ക് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട് മന്ത്രാലയം വ്യക്തമാക്കി.

റെയില്‍വേ, ഇന്ധനം, ടെലികോം, ബില്ലുകള്‍, ഇന്‍ഷുറന്‍സ് എന്നിവയില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഒന്നിന് 5 രൂപ എന്ന ഫ്‌ലാറ്റ് നിരക്കായിരിക്കും ബാധകം. മ്യൂച്വല്‍ ഫണ്ട്, സെക്യൂരിറ്റീസ് പേയ്‌മെന്റുകള്‍ക്ക് 0.02% എം.ഡി.ആര്‍ (പരമാവധി 300 രൂപ) ബാധകമായിരിക്കും.

വ്യാപാരികള്‍ ഈ ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.പി.ഐ ആപ്പുകള്‍ക്ക് പ്രത്യേക പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാന്‍ അനുമതിയില്ല.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

‘യു.പി.ഐ നികുതി’ ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സാധാരണക്കാരായ എല്ലാ ഇന്ത്യക്കാരുടെയും മേല്‍ നികുതി ചുമത്തുകയാണെന്നും ഇതിലൂടെ വലിയ തുക അമേരിക്കയിലേക്ക് ഒഴുകുമെന്നും ട്രംപിന് മുന്നില്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

യു.പി.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പരിപാലിക്കുന്നതിന്റെ ചെലവ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Content highlight: Centre states no foreign influence on UPI fees; clarification issued amidst opposition protests.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more