| Wednesday, 19th March 2025, 7:59 am

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാട്; മെയ് 20ന് അഖിലേന്ത്യാ പണിമുടക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി. തൊഴിലാളി ദ്രോഹനയം സ്വീകരിക്കുന്ന മൂന്നാം മോദി സര്‍ക്കാരിനെതിരെ മെയ് 20ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത വേദി അറിയിച്ചു.

ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനിലാണ് പണിമുടക്കാനുള്ള തീരുമാനമെടുത്തത്. പൊതുഗതാഗതമടക്കം എല്ലാ മേഖലകളിലും പണിമുടക്കാനാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി തീരുമാനിച്ചിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കുക, പൊതുമേഖലയിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

അങ്കണവാടി, ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ച് വേതനം വര്‍ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനമെങ്കിലും ഉറപ്പാക്കണമെന്നും പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിച്ച് 9000 രൂപ മിനിമം പെന്‍ഷന്‍ നല്‍കണമെന്നും കാവിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പുതിയ വിദ്യാഭ്യാസനയം പിന്‍വലിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ പണിമുടക്കില്‍ ഉന്നയിക്കുന്നുണ്ട്.

പദയാത്രകള്‍, വാഹനറാലികള്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ നടത്തും സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എ.ഐ.യു.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി. സേവ, എ.ഐ.സി.സി.ടി.യു, എല്‍ പി.എഫ്, യു.ടി.യു.സി എന്നീ ഒമ്പത് കേന്ദ്രട്രേഡ് യൂണിയനുകളാണ് സംയുക്ത തൊഴിലാളി പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ 17 ഇന അവകാശപത്രികയെ മുന്‍നിര്‍ത്തിയാകും പ്രക്ഷോഭമെന്നും മെയ് മൂന്നിന്പണിമുടക്കിനായുള്ള നോട്ടീസ് നല്‍കുമെന്നും ഏപ്രിലിനകം ജില്ല, സംസ്ഥാന കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കുമെന്നും സംയുക്ത വേദി അറിയിച്ചു.

Content Highlight: Centre’s anti-worker stance; All India strike on May 20

We use cookies to give you the best possible experience. Learn more