ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ആപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ടെലിഗ്രാം നല്‍കിയ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. രണ്ട് ദിവസങ്ങളിലായി ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി വിധി.
താത്കാലിക നിരോധത്തിനായി കേന്ദ്രം ഉന്നയിച്ച കാരണങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അതിനാല്‍ ആപ്പിനുള്ള നിയന്ത്രണം തുടരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അനുയോജ്യവും ആനുപാതികവുമാണെന്നും കോടതി പറഞ്ഞു.
ജൂണ്‍ 21ന് നീറ്റ് പുന പരീക്ഷ നടക്കാനിരിക്കെ ജൂണ്‍ 22 വരെ കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരം, ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലിഗ്രാമിലേക്കുള്ള ആക്സസ് നിയന്ത്രിക്കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനകം പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ക്കുള്ള മെസേജ് എഡിറ്റിങ് ജൂണ്‍ 30 വരെ പ്രവര്‍ത്തനരഹിതമാക്കാനും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു.
കേട്ടു കേള്‍വി ഇല്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേതെന്ന് ടെലഗ്രാം കോടതിയില്‍ വാദിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. നിരോധന നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേള്‍ക്കാതെയാണ് നിരോധനം എന്നുമാണ് ടെലിഗ്രാം ഹരജിയില്‍ വാദിച്ചിരുന്നത്.
നിരോധനത്തിന്റെ ഭാഗമായി ടെലിഗ്രാം ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെ അനുകൂലിക്കുന്നതാണ് കോടതി വിധി.
Content Highlight: Centre’s action was right; Delhi High Court upholds Telegram ban