| Tuesday, 28th June 2022, 12:28 pm

മാധ്യമ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിനോട് ആവശ്യമുന്നയിച്ച് കേന്ദ്രം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടേയും, രാഷ്ട്രീയക്കാരുടേയും അക്കൗണ്ടുകളും, ഏതാനും ട്വീറ്റുകളും നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനേട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

കര്‍ഷക സമരത്തെ അനുകൂലിച്ചവരുടെ അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനും നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുള്ളതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 ജനുവരി 5 മുതല്‍ ഡിസംബര്‍ 29 വരെയുള്ള കാലയളവിനെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ ട്വിറ്ററിന് അപേക്ഷ സമര്‍പ്പിച്ചതെന്ന് ലുമെന്‍ ഡാറ്റബേസില്‍ സമര്‍പ്പിച്ച് രേഖകള്‍ വ്യക്തമാക്കുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്ററിന് പുറമെ ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ മറ്റ് പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളും ഇത്തരത്തില്‍ തങ്ങളോട് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ലൂമെന്‍ ഡാറ്റാബേസുമായി പങ്കുവെച്ചിട്ടുണ്ട്.

ഏതായാലും ഇതില്‍ എത്ര അറിയിപ്പുകള്‍ കമ്പനികള്‍ അംഗീകരിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ട്വിറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020 ലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയും ഇന്ത്യയില്‍ സ്വാതന്ത്രമില്ലാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്ത ഫ്രീഡം ഹൗസില്‍ നിന്നുള്ള ഏതാനും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെയും ആം ആദ്മി പാര്‍ട്ടിയിലെയും എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കിസാന്‍ ഏകതാ മോര്‍ച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ഷക പ്രസ്ഥാനവുമായി ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി അപലപിച്ചു.

‘കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ഷക പ്രസ്ഥാനവുമായി ബന്ധമുള്ളതും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുയും ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി അപലപിക്കുന്നു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച @kisanektamorcha എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ തടഞ്ഞുവെച്ചിട്ടുണ്ട്,” സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച ഇ-മെയില്‍ കഴിഞ്ഞ ദിവസം റാണ പങ്കുവെച്ചിരുന്നു. ഐ.ടി ആക്ടിലെ ചട്ടങ്ങള്‍ പ്രകാരം അക്കൗണ്ട് റദ്ദാക്കുമെന്നും, ട്വിറ്റര്‍ ഉപയോക്താക്കളെ സംരക്ഷിക്കണമെന്ന് ട്വിറ്റര്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ചോ ഉള്ളടക്കം സംബന്ധിച്ചോ നോട്ടീസ് ലഭിച്ചാല്‍ അത് ഉപയോക്താവിനെ അറിയിക്കേണ്ടതുണ്ടെന്നും ഇ-മെയിലില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Centre requests twitter to remove accounts of journalists and politicians from twitter says reports

We use cookies to give you the best possible experience. Learn more