ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായി കുറച്ചു. ഡീസലിന്റെ എക്‌സൈസ് തീരുവ 10 രൂപയില്‍ നിന്ന് പൂജ്യമായി കുറച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംഘര്‍ഷം മൂലമുണ്ടായ ആഗോള ഊര്‍ജ പ്രതിസന്ധിയും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ പെട്ടന്നൊരു വിലക്കുറവുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണകമ്പനികള്‍ക്ക് വര്‍ധിച്ച് വരുന്ന ഇറക്കുമതി ചെലവ് താങ്ങാന്‍ സഹായിക്കുന്നതിനാണ് നികുതി ഇളവ് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജി കഴിഞ്ഞദിവസം പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പുതിയ നടപടി.
Content Highlight: Centre reduces excise duty on petrol and diesel; retail prices will not fall