| Thursday, 6th June 2019, 8:07 am

എട്ട് കാബിനറ്റ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു; അമിത് ഷാ എല്ലാത്തിലും അംഗം, മോദി ആറില്‍, മുരളീധരന്‍ പ്രത്യേക ക്ഷണിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

പാര്‍ലമെന്ററി കാര്യവും നിയമനവും കൂടാതെ സാമ്പത്തികകാര്യം, സുരക്ഷ, അക്കോമഡേഷന്‍, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച, തൊഴില്‍-നൈപുണ്യവികസനം എന്നീ വിഭാഗങ്ങളിലുള്ള കമ്മിറ്റികളാണ് പുനഃസംഘടിപ്പിച്ചത്. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദിയില്ലാത്തത്.

നിയമന കമ്മിറ്റിയില്‍ മോദിക്കും ഷായ്ക്കും പുറമേ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമുണ്ട്.

അക്കോമഡേഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി ജിതേന്ദ്ര സിങ്, ഭവനനിര്‍മാണ, നഗരകാര്യ വകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന ഹര്‍ദീപ് സിങ് പുരി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്.

സാമ്പത്തികകാര്യ കമ്മിറ്റിയെ മോദിയാണു നയിക്കുക. ഷാ, ഗഡ്കരി, നിര്‍മല, ഗോയല്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ്, ഭക്ഷ്യവിതരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്.

സാമ്പത്തിക കാര്യത്തിനു പുറമേ സുപ്രധാന കമ്മിറ്റിയായ സുരക്ഷയില്‍ പ്രധാനമന്ത്രിക്കു പുറമേ രാജ്‌നാഥ് സിങ്ങും അമിത് ഷായും നിര്‍മലും ജയശങ്കറും ഉള്‍പ്പെടും.

We use cookies to give you the best possible experience. Learn more