| Thursday, 1st January 2026, 4:08 pm

കേന്ദ്രം ഫണ്ട് കൊടുക്കുന്നില്ല; കര്‍ണാടകയില്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രതിസന്ധിയില്‍

നിഷാന. വി.വി

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയോടെയാണ് കര്‍ണാടകയിലുടനീളം ഗ്രാമപഞ്ചായത്തുകള്‍ പുതുവത്സരത്തിലേക്ക് കടക്കുന്നത്.  പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം സംസ്ഥാനത്തിന് തിരികെ നല്‍കുന്ന നികുതി പണമായി 6000ത്തിലധികം പഞ്ചായത്തുകള്‍ക്ക് നടപ്പുസാമ്പത്തിക വര്‍ഷം 2100 കോടിയിലധികം രൂപ ലഭിക്കാനുണ്ട്. മിക്ക പഞ്ചായത്തുകളും ഈ തുകയാണ് ആശ്രയിക്കുന്നത്.

ആദ്യ ഘഡുവായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 1,092 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല.

പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ കേന്ദ്ര സര്‍ക്കാര്‍ സഹമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന് കത്തയച്ചിട്ടുണ്ട്.

‘ഗ്രാമവികേന്ദ്രീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഫണ്ടിന്റെ അഭാവം മൂലം ഇന്ന് ഗ്രാമപഞ്ചായത്തുകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാടുപെടുകയാണ്,’ മന്ത്രി മീറ്റിങ്ങില്‍ പറഞ്ഞു.

എന്നാല്‍ പഞ്ചായത്ത് വികസന പദ്ധതികള്‍ സമര്‍പ്പിക്കുന്നതുള്‍പ്പെടെ എല്ലാ മാനദാണ്ഡങ്ങളും കര്‍ണാടക പാലിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം അധികാരികളെ അത്ഭുതപ്പെടുത്തുന്നു.

ഫെഡറല്‍ കാര്യങ്ങളില്‍ കര്‍ണാടകയെ പോലെ തന്നെ കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പോലും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നിരിക്കെയാണ് കര്‍ണാടകയ്ക്ക് ഫണ്ട് കിട്ടാത്തതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയതു.

തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കാലാവധി ജനുവരിയില്‍ അവസാനിക്കും. പുതിയതായി തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ നിലവില്‍ വരാതെ ഫണ്ട് അനുവദിക്കുകയുമില്ല.

2022 മുതല്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ജില്ലാ താലൂക്ക് പഞ്ചായത്തുകള്‍ക്ക് 15ാം ധനകാര്യ കമ്മീഷന്റെ ഫണ്ടുകള്‍ ലഭിക്കുന്നില്ല.

ഫണ്ട് വിതരണത്തിലുളള കാലതാമസത്തിന് പുറമേ 800 ലധികം ഗ്രാമപഞ്ചായത്തുകള്‍ ഒന്നിലധികം സാങ്കേതിക പ്രശ്‌നങ്ങളും നേരിടുന്നതായി ആര്‍.ഡി.പി.ആര്‍ സെക്രട്ടറി സമീര്‍ ശുക്ല കേന്ദ്ര പഞ്ചായത്ത് രാജ് കമ്മീഷനയച്ച കത്തില്‍ പറയുന്നു.

സാങ്കേതിക തടസം നേരിടുന്ന പഞ്ചായത്തുകള്‍ക്കുള്ള ധനകാര്യ കമ്മീഷന്റെ ഫണ്ട് സ്വീകരിക്കുന്നതിനായി കര്‍ണാടക വികാസ് ഗ്രാമീണ്‍ ബാങ്കിലും (കെ.വി.ജെ.ബി) പ്രഗതി കൃഷ്ണ ഗ്രാമീണ്‍ ബാങ്കിലും (പി.കെ.ജി.പി) ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു ബാങ്കുകളും അടുത്തിടെ കര്‍ണാടക ഗ്രാമീണ്‍ ബാങ്കില്‍ ലയിച്ചു.

അതോടെ പഞ്ചായത്തുകള്‍ പബ്ലിക്ക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം(പി.എഫ്.എം.എസ്) ഇ-ഗ്രാം സ്വരാജ് പോര്‍ട്ടല്‍ എന്നിവയുപയോഗിച്ച് പുതിയ ifsc കോഡുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും മാപ്പ് ചെയ്യുകയും ചെയ്യേണ്ടി വന്നതോടെ സാങ്കേതിക തകരാര്‍ നേരിടുകയായിരുന്നു.

ഇപ്പോള്‍ പല പഞ്ചായത്തുകളിലും പണമില്ലെന്നും ചില പഞ്ചായത്തുകളില്‍ ജലവിതരണത്തിന് പോലും പണമില്ലെന്നും ഒരു ആര്‍.ഡി.പി.എ ഉദ്യേഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Centre not providing funds; Gram Panchayats in crisis in Karnataka

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more