ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളെ അറിയിക്കാന്‍ നിയോഗിച്ച പ്രതിനിധി സംഘത്തിന്റെ മറവില്‍ കേന്ദ്രം അവരുടെ ഇന്റലിജന്‍സ് പിഴവ് മറച്ച് വെക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഗുരുതരമായ ദേശീയ സുരക്ഷ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടുന്നതിനുള്ള ഒരു തന്ത്രം മാത്രമാണിതെന്നും ഗുരുതരമായ സുരക്ഷ വീഴ്ച്ച ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘അടുത്തിടെ ബി.ജെ.പി സിന്ദൂരത്തെ സംബന്ധിച്ച് ഒരു വലിയ പ്രോഗ്രാം സംഘടിപ്പിച്ചു. ആ പ്രോഗ്രാമിന്റെ പേര് കണ്ടാല്‍ ജനങ്ങള്‍ വിചാരിക്കും അവര്‍ തങ്ങളുടെ തെറ്റിന് മാപ്പ് പറയുമെന്ന്. അതവരുടെ ഇന്റലിന്‍സ് പരാജയമാണ്. അത് മറച്ച് വെക്കാന്‍ അവര്‍ വീടുകള്‍ തോറും കയറി ഇറങ്ങുകയായിരുന്നു. എന്നാല്‍ ഈ വീഴ്ച്ചയ്ക്ക് അവര്‍ക്ക് ഉത്തരമില്ല,’ അഖിലേഷ് യാദവ് പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പടുത്താന്‍ പ്രതിരോധ മേഖലയ്ക്കും സൈന്യത്തിനും ശക്തമായ ഉപകരണങ്ങളും മറ്റും ആവശ്യമാണെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
‘നമ്മുടെ രാജ്യം ശക്തമായിരിക്കണം, നമ്മുടെ സൈന്യത്തിന് ശത്രുക്കളോട് പോരാടാന്‍ മികച്ച റിസോഴ്‌സുകള്‍ വേണം, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളോട് പോരാടാന്‍,’ അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം അഹമ്മദാബാദിലെ വിമാനദുരന്തത്തേയും അഖിലേഷ് യാദവ് അപലപിച്ചു. ഈ അപകടം വളരെ വേദനജനകമാണന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യ വളരെ മെച്ചപ്പെട്ടതാണെന്നും അതിനാല്‍ അപകടത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തുന്നതിലൂടെ അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ വ്യോമയേന മന്ത്രാലയം നിയോഗിച്ചിരുന്നു. ഈ സമിതി മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) നടത്തുന്ന അന്വേഷണത്തിന് പുറമെയുള്ള വിഷങ്ങളിലാണ് ഈ സമിതി അന്വേഷണം നടത്തുക.
Content Highlight: Centre has no answer for intelligence failure in Pahalgam attack; delegation sent abroad to cover up lapse: Akhilesh Yadav