| Tuesday, 24th November 2026, 5:10 pm

ദലൈലാമയ്ക്ക് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാവ് അനുവദിതായി റിപ്പോര്‍ട്ട്‌; 'ഗഡെന്‍ ഫോഡ്രാങ്' എന്ന് ബോര്‍ഡ്

റെന്വര്‍ പി

ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ന്യൂദല്‍ഹിയില്‍ ഒരു ബംഗ്ലാവ് അനുവദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ദലൈലാമയുടെ ഓഫീസ് ദല്‍ഹിയിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ഈ ബംഗ്ലാവ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

’20, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല ലെയിന്‍’ എന്ന വിലാസത്തിലുള്ള ഈ കെട്ടിടമാണ് ദലൈലാമയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ കുറച്ച് മാസമായി കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പാര്‍ലമെന്റില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ കെട്ടിടം.

ഈ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ ഗഡെന്‍ ഫോഡ്രാങ് എന്ന് എഴുതിയ നെയിംപ്ലേറ്റ് കണ്ടതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദലൈലാമയുടെ ഓഫീസാണ് ഗാദെന്‍ ഫോഡ്രാങ്. കെട്ടിടത്തിന് പുറത്ത് നിര്‍മ്മാണ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. ഇത് അവിടെ പണികള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശകാര്യ മന്ത്രാലയമാണ് ദലൈലാമയ്ക്ക് ഈ ബംഗ്ലാവ് നല്‍കിയത്. ആര്‍ക്കുവേണ്ടിയാണ് ഈ സര്‍ക്കാര്‍ വസതി ആവശ്യമെന്ന് വ്യക്തമാക്കാതെ തന്നെ, കഴിഞ്ഞ വര്‍ഷം വിദേശകാര്യ മന്ത്രാലയം ഭവന-നഗരകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന്, മന്ത്രാലയം ബംഗ്ലാവ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ധരംശാലയിലാണ് ദലൈലാമയുടെ ഓഫീസ് ആയ ഗാദന്‍ ഫോഡ്രാങ്. ദലൈ ലാമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല ഈ ഓഫീസിനാണെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും ഈ ഓഫീസാണെന്നും വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ദലൈ ലാമയുടെ ഔദ്യോഗിക പരിപാടികള്‍, കൂടിക്കാഴ്ചകള്‍, പൊതുജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്ന ചടങ്ങുകള്‍, ഇന്ത്യയ്ക്കുള്ളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്രകള്‍ എന്നിവ ക്രമീകരിക്കുന്നത് ഈ ഓഫീസിലാണെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

Content Highlight: Centre allots Lutyens’ Delhi bungalow to Dalai Lama’s Gaden Phodrang office: Report

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more