| Monday, 15th September 2025, 2:02 pm

11 വര്‍ഷത്തെ കാത്തിരിപ്പ്; ദുലീപ് ട്രോഫിയില്‍ മുത്തമിട്ട് രജത് പാടിദാറിന്റെ സെന്‍ഡ്രല്‍ സോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിസെന്‍ഡ്രല്‍ സോണ്‍. രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെന്‍ഡ്രല്‍ ഒരു കിരീടം നേടുന്നത്. സൗത്ത് സോണിനെ പരാജയപ്പെടുത്തിയാണ് പാടിദാറും സംഘവും കിരീടമുയര്‍ത്തിയത്.

സൗത്ത് സോണ്‍ – 149 & 426

സെന്‍ഡ്രല്‍ സോണ്‍ – 511 & 66/4 (T: 65)

ആദ്യ ഇന്നിങ്‌സില്‍ സെന്‍ഡ്രലിന് വേണ്ടി യാഷ് റാത്തോഡ് 194 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാടിദാര്‍ 101 റണ്‍സ് നേടി മികവ് പുലര്‍ത്തി. രണ്ടാം ഇന്നിങ്‌സില്‍ അക്ഷയ് വധേക്കറും (19*) യാഷ് റാത്തോഡുമാണ് (13*) ടീമിനെ വിജയത്തിലെത്തിച്ചത്.

അതേസമയം സൗത്ത് സോണിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ തന്‍മയ് അഗര്‍വാള്‍ 31 റണ്‍സും സല്‍മാന്‍ നിസാര്‍ 24 റണ്‍സും നേടി. രണ്ടാം ഇന്നിങ്‌സില്‍ അന്‍കിത് ശര്‍മ 99 റണ്‍സും ആന്ദ്രെ സിദ്ധാര്‍ത്ഥ് 84* റണ്‍സും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ സെന്‍ഡ്രല്‍ സോണിന് വേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ചത് ശരണ്‍ശ് ജെയ്‌നാണ്. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് താരം മികവ് പുലര്‍ത്തിയത്. കുമാര്‍ കാര്‍ത്തികേയ നാല് വിക്കറ്റും നേടിയിരുന്നു.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ സൗത്തിന് വേണ്ടി ബൗളിങ്ങില്‍ ഗുര്‍ജപ്‌നീത് സിങ്, അന്‍കിത് ശര്‍മ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം നേടി. രണ്ടാം ഇന്നിങ്‌സില്‍ സെന്‍ഡ്രലിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ നാലും ശരണ്‍ശ് മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി മികവ് തെളിയിച്ചു. അവസാന ഇന്നിങ്‌സില്‍ സൗത്തിന് വേണ്ടി ഗുര്‍ജപ്‌നീത് സിങ്, അന്‍കിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയിട്ടും വിജയെ നേടാന്‍ ടീമിന് സാധിച്ചില്ല.

അതേസമയം ഈ വര്‍ഷം രണ്ടാം തവണയാണ് രജത് പാടിദാര്‍ ആഭ്യന്തര കിരീടം സ്വന്തമാക്കുന്നത്. 18 വര്‍ഷത്തിന് ശേഷം ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി പാടിദാര്‍ കിരീടമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ താരം ദുലീപ് ട്രോഫിയും സ്വന്തമാക്കിയതോടെ തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് രജത്.

Content Highlight: Central Zone Won 2025 Duleep Trophy Against South Zone

We use cookies to give you the best possible experience. Learn more