| Wednesday, 26th March 2025, 3:46 pm

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. വായ്പ എഴുതിത്തള്ളാനാവില്ലെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാമെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി വായ്പ എഴുതി തള്ളുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഈ വിഷയത്തില്‍ നിരവധി സിറ്റിങ്ങുകള്‍ നടത്തിയപ്പോഴും വായ്പകള്‍ സംബന്ധിച്ച് എന്തെങ്കിലും ഇളവുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി നടത്തിയ ചര്‍ച്ചകളിലെ നിര്‍ദേശ പ്രകാരം മോറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കുകള്‍ തയ്യാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. വേണമെങ്കില്‍ നിലവിലുള്ള ലോണുകള്‍ പുതിയ വായ്പയായി പരിഗണിക്കാമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാല്‍ മൊറട്ടോറിയം നല്‍കിയാല്‍ തൊട്ടടുത്ത വര്‍ഷം അതിന്റെ കാലാവധി അവസാനിച്ചാല്‍ അത് ദുരന്തബാധിതര്‍ക്ക് കൂടുതല്‍ പ്രശ്‌നമാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ വായ്പ എഴുതി തള്ളണമെന്ന വിഷയം പരിഗണിക്കണമെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ തന്നെ വിമര്‍ശനത്തെ തുടര്‍ന്ന് പുനരധിവാസത്തിലെ സംസ്ഥാന ഫണ്ട് വിനിയോഗ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നല്‍കിയിയത്.

അതേസമയം ഉപാധികള്‍ എന്തെന്ന് വ്യക്തത വരുത്താത്തതില്‍ ഹൈക്കോടതി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ഉപാധികളില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തില്‍ കേന്ദ്രം മീന്‍ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഉപാധി എന്തെന്ന് എന്നതിനെ സംബന്ധിച്ച് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, ദല്‍ഹിയിലുള്ള ഉദ്യോഗസ്ഥര്‍ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം പ്രവണത തുടരുകയാണെങ്കില്‍ ദല്‍ഹിയിലുള്ള ആ ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ലൈറ്റില്‍ ഇവിടെ എത്തിക്കാന്‍ സാധിക്കുമെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി.

Content Highlight: Central government will not waive off loans of Wayanad disaster victims

We use cookies to give you the best possible experience. Learn more