| Thursday, 26th November 2026, 7:42 pm

പാക് ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യരുത്: നെറ്റ്ഫ്‌ലിക്‌സിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് നെറ്റ്ഫ്‌ലിക്‌സിന് കേന്ദ്ര വാര്‍ത്താ വിതരണ- പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ നാലിന് പാകിസ്ഥാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരീസായി പ്രക്ഷേപണം ചെയ്യുന്ന ‘ജോ ബചേ ഹെയ്ന്‍ സങ്ക് സമൈത് ലോ’ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ദേശം.

2025 മെയ് എട്ടിനാണ് പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം പാലിക്കാനാണ് നെറ്റ്ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നുള്ള സിനിമകളോ സീരീസുകളോ ഇന്ത്യന്‍ പ്രേഷകര്‍ക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണില്‍ നെറ്റ്ഫ്‌ലിക്‌സ് ഉറപ്പുനല്‍കിയിരുന്നു. ഈ നിലപാട് തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകലും മീഡിയ സ്ട്രീമിങ് സേവനങ്ങളും പാകിസ്ഥാനില്‍ നിന്നുള്ള വെബ് സീരീസുകള്‍, ഗാനങ്ങള്‍, സിനിമകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവ ഉടന്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിര്‍ദേശം. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും രീതിയിലോ ലഭ്യമാകുന്ന ഉള്ളടക്കങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

ചൊവ്വാഴ്ച സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ശക്തമായത്. ഡിസംബര്‍ നാലിന് പ്രീമിയര്‍ ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന സീരീസ് ഇന്ത്യയില്‍ ലഭ്യമകുമോ എന്ന കാര്യത്തില്‍ നെറ്റ്ഫ്‌ലിക്‌സ് വ്യക്തത വരുത്തിയിട്ടില്ല.

എന്നാല്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ കാറ്റലോഗില്‍ റിലീസ് തീയതിയോടെ സീരീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കമ്പനി ഇതുവരെ സീരീസിന്റെ റിലീസ് സംബന്ധിച്ച പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല.

സീരീസിന്റെ ഇന്ത്യയിലെ റിലീസ് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എ.ഐ.സി.ഡബ്ല്യു.എ), ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ലു.ഐ.സി.ഇ) എന്നീ ചലച്ചിത്ര സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കും കൂടി അയച്ച കത്തില്‍, സീരീസ് പുറത്തിറക്കുന്നത് മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അന്തസത്തയ്ക്കും രാജ്യത്തിന്റെ വികാരങ്ങള്‍ക്കും വിരുദ്ധമാണെന്ന് എ.ഐ.സി.ഡബ്ല്യു.എ ചൂണ്ടിക്കാട്ടി.

32 സംഘടനകളെയും ഏകദേശം അഞ്ച് ലക്ഷം അംഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്.ഡബ്ല്യു.ഐ.സി.ഇ. സീരീസിന്റെ നിര്‍ദിഷ്ട റിലീസ് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിനും മറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് സംഘടന ആവശ്യപ്പെട്ടു.

വിലക്ക് ആവശ്യപ്പെട്ടുള്ള നീക്കത്തിനെതിരെ പാകിസ്ഥാന്‍ ആസൂത്രണവികസന മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ രംഗത്തെത്തി. കലയും സംസ്‌കാരവും ഇന്ത്യ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഇഖ്ബാല്‍ ആരോപിച്ചു.

മൊമിന ദുറൈദ് രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘ജോ ബചേ ഹെയ്ന്‍ സങ്ക് സമൈത് ലോ’, പാകിസ്ഥാനി എഴുത്തുകാരി ഫര്‍ഹത്ത് ഇഷ്തിയാഖിന്റെ 2013ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള ബെസ്റ്റ് സെല്ലര്‍ ഉറുദു നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അന്താരാഷ്ട്ര വിപണികളില്‍ ആള്‍ ദി ലവ് അവര്‍ ഹാര്‍ട്‌സ് കാരി (All the Love Our Hearts Carry) എന്ന പേരിലാണ് സീരീസ് അറിയപ്പെടുന്നത്.

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ഫവാദ് ഖാന്‍, മഹിറ ഖാന്‍, സനം സയീദ് എന്നിവര്‍ക്കൊപ്പം അഹദ് റാസ മിര്‍, ഇഖ്‌റ അസീസ്, ഹാനിയ ആമിര്‍, ഹംസ അലി അബ്ബാസി എന്നിവരും സീരീസില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Central government warns Netflix not  to broadcast Pakistani content

 

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more