| Thursday, 24th September 2026, 12:35 pm

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ വരുതിയിലാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സമ്മർദ്ദം; ഗുരുതര ആരോപണവുമായി സി.ജെ.പി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ വോട്ടർപട്ടിക പുതുക്കൽ നടപടികളിൽ വിയോജിപ്പ് പ്രകടിപ്പിച്ച രണ്ട് കമ്മീഷണർമാരെ ഭയപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തുന്നതായി കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ഗുരുതര വെളിപ്പെടുത്തൽ.

ഭിന്നത സംബന്ധിച്ച വാർത്തകൾ നിഷേധിക്കാൻ തയാറാകാത്ത കമ്മീഷണർമാരുടെ അടുത്ത ആളുകളെ ലക്ഷ്യമിട്ട് റെയ്ഡുകൾക്ക് കേന്ദ്ര ഭരണകൂടം ഒരുങ്ങുകയാണെന്ന് സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ് എക്സിലൂടെ തുറന്നടിച്ചു.

മാധ്യമങ്ങൾ പുറത്തുവിട്ട ആഭ്യന്തര ഭിന്നതകളെ പൂർണമായി തള്ളിപ്പറഞ്ഞ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. എന്നാൽ ഇരുവരും നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതോടെയാണ് കമ്മീഷണർമാരുടെ സഹായികളെയും ബന്ധുക്കളെയും ലക്ഷ്യമിട്ട് സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളെ രംഗത്തിറക്കാൻ സർക്കാർ തലത്തിൽ ആസൂത്രണം നടക്കുന്നതെന്ന് പാർട്ടി ആരോപിക്കുന്നു.

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ വേട്ടയാടിയ അതേ തന്ത്രമാണ് കേന്ദ്രം ഇപ്പോഴും ആവർത്തിക്കുന്നതെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾക്ക് ഇളവ് നൽകിയതിനെതിരെ ലവാസ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുകയും, തുടർന്ന് സ്ഥാനമൊഴിയാൻ അദ്ദേഹം നിർബന്ധിതനാവുകയും ചെയ്തു. സമാനരീതിയിൽ നിലവിലെ കമ്മീഷണർമാരെയും മുട്ടുകുത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം എന്ന് സി.ജെ.പി ആരോപിക്കുന്നു.

സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ജന്തർ മന്ദർ പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഇന്നത്തെ ഇന്ത്യയിൽ ഇത്തരം ഭീഷണി തന്ത്രങ്ങൾ വഴി ജനങ്ങളെ കബളിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി.

Content Highlight:Central government using probe agencies to pressure Election Commissioners; CJP makes serious allegations.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more