| Wednesday, 17th December 2025, 11:37 am

കാലഹരണപ്പെട്ടെന്ന പേരിൽ 71 നിയമങ്ങൾ കൂടി റദ്ദാക്കാൻ കേന്ദ്രം; ഇതുവരെ റദ്ദാക്കിയത് 1,562 നിയമങ്ങൾ

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി:കാലഹരണപ്പെട്ടെന്ന പേരിൽ 71 നിയമങ്ങൾ കൂടി റദ്ദാക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി കേന്ദ്ര സർക്കാർ. സമീപ കാലത്ത് പാസാക്കിയ നിയമങ്ങളടക്കം ഇതിൽ ഉൾപ്പെടുമെന്നാണ് വിവരം.

2014 ൽ മോദി അധികാരത്തിൽ വന്നത് മുതൽ 1,562 കാലഹരണപ്പെട്ട നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടുണ്ടെന്നും 15 എണ്ണം ഭേദഗതി ചെയ്തിട്ടുണ്ടെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കാലഹരണപ്പെട്ടതായി കേന്ദ്രം പറയുന്ന 71 നിയമങ്ങൾ റദ്ദാക്കുക, നിയമനിർമാണ പ്രക്രിയയിലുള്ള പിഴവുകൾ തിരുത്തുക, ചില നിയമങ്ങളിലെ വിവേചനപരമായ വശങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് നിയമനിർമാണത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

കോളനി വത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ മാറ്റാനാണ് ഈ നിയമനിർമാണത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം കാലഹരണപ്പെട്ട ഒരു നിയമമാണെന്ന് മന്ത്രി ആരോപിച്ചു.

1886 ലെ ഇന്ത്യൻ ട്രാംവേയ്‌സ് ആക്ട്, 1976 ലെ ലെവി ഷുഗർ പ്രൈസ് ഇക്വലൈസേഷൻ ഫണ്ട് ആക്ട്, 1988 ലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഡിറ്റർമിനേഷൻ ഓഫ് കണ്ടീഷൻസ് ഓഫ് എംപ്ലോയീസ് ആക്ട് എന്നിവയാണ് റദ്ദാക്കൽ, ഭേദഗതി ബിൽ നീക്കം ചെയ്യുന്ന നിയമങ്ങളെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

1897 ലെ ജനറൽ ക്ലോസ് ആക്ടും 1908 ലെ സിവിൽ പ്രൊസീജ്യർ കോഡും നിയമങ്ങളിലും 2005 ലെ ദുരന്ത നിവാരണ നിയമത്തിലും ഭേദഗതി വരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

സമീപകാലത്ത് പാസാക്കിയ നിയമങ്ങൾ പോലും പിൻവലിക്കുന്നതിന് ഈ ബിൽ കാരണമാകുമെന്ന് പ്രതിപക്ഷം വിമർശിച്ചു.

കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുന്നതിലൂടെ സാധാരണക്കാർക്കും ദുരന്ത പ്രതിരോധ മേഖലയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് അംഗം ഡീൻ കുര്യാക്കോസ് പറഞ്ഞു.

വിശദമായ ചർച്ചകളില്ലാതെ എങ്ങനെയാണ് ഭേദഗതികൾ ഇത്ര ലാഘവത്തോടെ പാസാക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമല്ലെന്നും കൃത്യമായ ആലോചനകൾ നടത്താതെയാണ് ബില്ലുകൾ അവതരിപ്പിക്കുന്നതെന്നും സമാജ്‌വാദി പാർട്ടി അംഗം ലാൽജി വർമ്മ പറഞ്ഞു.

Content Highlight: Central Government to repeal 71 more laws on grounds of obsolescence; 1,562 laws repealed so far

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more