ന്യൂദല്‍ഹി: നെഹ്റു യുവ കേന്ദ്ര (എന്‍.വൈ.കെ)യുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മേരാ യുവഭാരത് എന്നാണ് യുവ കേന്ദ്രയുടെ പുതിയ പേര്. എന്‍.വൈ.കെയുടെ വെബ്‌സൈറ്റിലും ഇപ്പോള്‍ പുതിയ പേരാണ് നല്‍കിയിരിക്കുന്നത്.
മൈ ഭാരത് എന്ന ഇംഗ്ലീഷ് പേരും ഇതിനോടൊപ്പമുണ്ട്. അതേസമയം പേരുമാറ്റത്തിന് പിന്നിലെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ (ചൊവ്വ)യാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവ കേന്ദ്രയുടെ കോഡിനേറ്റര്‍മാരും നോഡല്‍ ഓഫീസര്‍മാരും അറിയിപ്പ് നല്‍കിയത്.
നേരത്തെ നെഹ്റു യുവ കേന്ദ്രയുടെ ലോഗോ ഉള്‍പ്പെടെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഈ തീരുമാനത്തിന് കയ്യടിക്കുന്നവരുണ്ടാകുമെന്നും ചരിത്രവിഹീനരായ അത്തരക്കാര്‍ ആ പണി ഇനിയും തുടരുമെന്നറിയാമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം പ്രതികരിച്ചു.
കേന്ദ്രത്തിന്റെ നടപടി ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവര്‍ക്ക് ആകെ കഴിയുന്നത് വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക എന്നതാണെന്നും വി.ടി. ബല്‍റാം വിമര്‍ശിച്ചു. അല്ലെങ്കില്‍ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന്, ഇന്ത്യന്‍ ജനതയുടെ ഓര്‍മകളില്‍ നിന്ന്, ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റാത്ത ഒരു പേരാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നും ബല്‍റാം പറഞ്ഞു.
1972ലാണ് നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടന കൂടിയാണ് നെഹ്റു യുവ കേന്ദ്ര.
ഇപ്പോള്‍ കേന്ദ്രത്തിന്റെ ഉത്തരവനുസരിച്ച് പേരുമാറ്റത്തില്‍ ജില്ലാ അധികൃതരും നടപടിയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
2014ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ ഒട്ടനവധി റെയില്‍വേ സ്റ്റേഷനുകളുടെയും സ്റ്റേഡിയങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറ്റിയത്.
2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എയായ മോഹന്‍ സിങ് ബിഷ്ത് രംഗത്തെത്തിയിരുന്നു. ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്നാക്കി മാറ്റുമെന്നാണ് മോഹന്‍ സിങ് പ്രഖ്യാപിച്ചത്.
കൂടാതെ ദല്‍ഹിയിലെ നജഫ്ഗഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ നീലം പഹല്‍വാനും രംഗത്തെത്തിയിരുന്നു. നജഫ്ഗഡിനെ ‘നഹര്‍ഗഡ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം.എല്‍.എ ആവശ്യപ്പെട്ടത്.
മുഗള്‍ ഭരണാധികാരിയായ ഔറംഗസേബാണ് നഹര്‍ഗഡിനെ നജഫ്ഗഡാക്കി മാറ്റിയതെന്നും ബി.ജെ.പി എം.എല്‍.എ ആരോച്ചിരുന്നു. നജഫ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കൂടിയാണ് നീലം. അടുത്തിടെ ദല്‍ഹിയിലെ തുഗ്ലക് ലൈനിന്റെ പേര് മാറ്റി ബി.ജെ.പി നേതാക്കള്‍ പുതിയ നെയിംബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തുഗ്ലക് ലൈന്‍ ‘സ്വാമി വിവേകാനന്ദ മാര്‍ഗ്’ എന്നാക്കി മാറ്റിയാണ് ബി.ജെ.പി നേതാക്കള്‍ നെയിംബോര്‍ഡുകള്‍ സ്ഥാപിച്ചത്.
Content Highlight: Central government renames Nehru Yuva Kendra as ‘Mera Yuva Bharat’; protests