| Monday, 11th August 2025, 7:10 pm

പ്രതിപക്ഷ അംഗങ്ങളുടെ അസാന്നിധ്യത്തിനും പ്രതിഷേധത്തിനുമിടെ കായികബില്‍ പാസാക്കി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് നിര്‍ണായക കായിക ബില്ലുകള്‍ പാസാക്കി ലോക്‌സഭ. ദേശീയ സ്‌പോര്‍ട്‌സ് ഭരണ ബില്‍, ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബില്‍ എന്നിവയാണ് തിങ്കളാഴ്ച ലോകസഭ പാസാക്കിയത്. കായിക മേഖലയെ ഒന്നാകെ പൊളിച്ചെഴുതുന്നതാണ് ഈ ബില്ലുകള്‍.

അതേസമയം, ബില്‍ പരിഗണനയ്ക്ക് എടുക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് മിക്ക പ്രതിപക്ഷ എം.പിമാരും ബീഹാര്‍ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു.

എന്നാല്‍, സഭയില്‍ എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിട്ടും കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ബില്‍ അവതരിപ്പിക്കുകയായിരുന്നു. പിന്നാലെ ശബ്ദവോട്ടോടെ സര്‍ക്കാര്‍ ബില്‍ പാസാക്കി.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള കായിക മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരമെന്നാണ് കായിക മന്ത്രി ബില്ലിനെ വിശേഷിപ്പിച്ചത്. കായിക മേഖലയില്‍ സുതാര്യതയും കായിക ഫെഡറേഷനില്‍ ഭരണത്തില്‍ ലോകോത്തര നിലവാരം ഉറപ്പാക്കുന്നതുമാണ് ഈ ബില്ലെന്നും മാണ്ഡവ്യ പറഞ്ഞു.

‘ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയില്‍ ഈ ബില്ലിന് വലിയ പ്രാധാന്യമുണ്ടാകും. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലിലും പരിഷ്‌കാരങ്ങളിലും പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്,’ മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

2036 ഒളിമ്പിക്‌സ് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതിനിടെ രാജ്യത്തെ കായിക ഭരണവും സംഘാടനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ രണ്ട് ബില്ലുകളെന്നും കായിക മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

‘ദേശീയ കായിക ഭരണ ബില്‍ മാറ്റത്തിന്റെ ഒരു ശക്തിയാണ്. ഇത്രയും വലിയ രാജ്യമായിട്ടും, ഒളിമ്പിക് ഗെയിംസിലും അന്താരാഷ്ട്ര വേദിയിലും നമ്മുടെ പ്രകടനം തൃപ്തികരമല്ല, ഈ ബില്‍ ഇന്ത്യയുടെ കായിക ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു,’ മാണ്ഡവ്യ പറഞ്ഞു.

Content Highlight: Central Government Passed Sports Bills in LokSabha amid opposition protest

We use cookies to give you the best possible experience. Learn more