കണ്ണൂർ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ തകർത്ത് വർഗീയവൽക്കരിക്കാനും കോർപ്പറേറ്റുകൾക്കായി വാണിജ്യവൽക്കരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ വിമർശിച്ചു.
ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
2020-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം നടപ്പിലായി ആറ് വർഷം പിന്നിടുമ്പോഴും രാജ്യത്തെ വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിലാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ഉപകരണമായാണ് ബി.ജെ.പി സർക്കാർ വിദ്യാഭ്യാസത്തെ കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ ശിരസാവഹിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടിക്കാലം മുതൽ പാഠ്യപദ്ധതിയിലൂടെ വർഗീയ അജണ്ടകൾ കുത്തിവെക്കാനും സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ദൽഹിയിൽ വിദ്യാർത്ഥികൾ സ്വമേധയാ തെരുവിലിറങ്ങി നടത്തിയ വൻ പ്രക്ഷോഭങ്ങൾ ഈ ചൂഷണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഫെഡറലിസത്തെയും ഭരണഘടനാ മൂല്യങ്ങളെയും തകർത്ത് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’, ‘ഒരു രാജ്യം, ഒരു നികുതി’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിനാണ് കേന്ദ്രം മുതിരുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായി പൂട്ടിക്കൊണ്ടിരിക്കുന്ന ഭീകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് ജയരാജൻ പറഞ്ഞു.
ഉത്തർപ്രദേശിൽ ഏഴേമുക്കാൽ ലക്ഷത്തോളം കുട്ടികളും, മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ രണ്ടേമുക്കാൽ ലക്ഷത്തോളം കുട്ടികളും സ്കൂളുകളിൽ എത്തുന്നില്ലെന്ന ഔദ്യോഗിക വിവരങ്ങളുണ്ട്. ഇത് രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ച വ്യക്തമാക്കുന്നതാണെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും പി. ജയരാജൻ വ്യക്തമാക്കി.
Content Highlight:Central Government Move to Communalise Education Sector; P. Jayarajan Says Public Education Is Being Undermined.